25-08-2017

🔔🔔🔔🔔🔔🔔🔔🔔🔔
ആട്ടക്കഥാ പരിചയം
അവതരണം  MP സീതാദേവി
🥁🎷🎺🎸🎻🥁🎷🎸
ആദ്യം ഉത്തരാസ്വയംവരമാകട്ടെ
ആട്ടക്കഥ
ഉത്തരാസ്വയംവരം

രചയിതാവ്
ഇരയിമ്മൻ തമ്പി
 
ഇരയിമ്മൻ തമ്പിയേക്കുറിച്ചു മുൻപ് പലതവണ വിവരിച്ചിട്ടുണ്ട് അതിനാൽ ആവർത്തിക്കുന്നില്ല 

കഥാസംഗ്രഹം
 ഒന്നാം രംഗം തുടങ്ങുന്നത്  കീചകന്മാരുടെ വധത്തെ പറ്റി കേൾക്കുകയും മാലിനിയ്ക്ക് വിശേഷാലൊന്നും സംഭവിക്കാതിരിക്കുന്നത് കാണുകയും ചെയ്തശേഷം ഗന്ധർവന്മാരെ ഭയന്നുകൊണ്ട് വിരാടരാജാവ് പത്നിയെ സമാധാനപ്പെടുത്തി ഒരു മനോഹരമായ സന്ധ്യാസമയത്തെ ചന്ദ്രോദയശിശിരമായ മലർവാടിയിൽ വിരാടരാജാവും പത്നിമാരും തമ്മിലുള്ള ശൃംഗാരസല്ലാപത്തോടെയാണ് 
പിന്നെ ദുര്യോധനനും രാജ്ഞിയായ ഭാനുമതിയും ഉദ്യാനത്തിൽ വിഹരിക്കുന്നതാണ് അടുത്ത രംഗം. ഉന്മീലത്പത്രവല്ലീം പൃഥുലകുചഭരാം രാജമാനദ്വിജാളീം.. എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകം കൊണ്ടാണ് ഈ രംഗത്തിൽ ഉദ്യാനവർണ്ണന. 'കോകി നിന്മുഖം കണ്ടു ചന്ദ്രനെന്ന് ചിന്തിച്ചു ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ ഏകലോചനം കൊണ്ട് കോപമോടു നിന്നേയും ശോകമോടപരേണ നോക്കുന്ന പതിയേയും എന്ന് ഏത് കഥകളിഅഭിനേതാവിനേയും പരീക്ഷിക്കുന്ന ദുര്യോധനനെ അരങ്ങത്ത് അവതരിപ്പിച്ച് രണ്ടാം രംഗം കഴിയുന്നു.
പിന്നീട് ദുര്യോധനസഭ ആണ് മൂന്നാം രംഗം. ചാരപുരുഷനിൽ നിന്നും കീചകന്റെ മരണവൃത്താന്തം അറിയുന്നു. ദൂതൻ (ചാരൻ) ദുര്യോധനന്റെ ദുരഭിമാനത്തെ ഉയർത്തുവാനുതകുംവണ്ണം ജയ ജയ നാഗകേതന എന്ന് വിജയാശംസ മുഴക്കിക്കൊണ്ട് ചെയ്യുന്ന വാർത്താനിവേദനം പ്രസിദ്ധമാണ്. ദൂതൻ കീചകവധത്തെ പറ്റി പറഞ്ഞതിൽ നിന്നും പാണ്ഡവന്മാർ വിരാടരാജധാനിയിം അജ്ഞാതവാസം ചെയ്യുന്നുണ്ടെന്ന് ദുര്യോധനൻ മനസ്സിലാക്കുകയും ചെയ്യുന്നു. കീചകനെ കൊല്ലുന്നതിനു ഭീമസേനൻ അല്ലാതെ വേറാരും കരുത്തരല്ല എന്നായിരുന്നു ഭീഷ്മരുടെ യുക്തി. പാണ്ഡവന്മാരെ വെളിച്ചത്ത് കൊണ്ടുവരുന്നതിനും അങ്ങനെ അവരുടെ അജ്ഞാതവാസം ലംഘിക്കുന്നതിനും ദുര്യോധനൻ ഒരു ഉപായം ആലോചിച്ചു. വിരാടരാജാവിന്റെ ഗോക്കളെ പിടിച്ചുകെട്ടിക്കൊണ്ടുപോരണമെന്നും അത് തടുക്കുവാൻ വിരാടന്റെ സഹായത്തിനു പാണ്ഡവർ വന്നാൽ പിന്നേയും അവരെ കാട്ടിലയക്കാമെന്നും ആയിരുന്നു ദുര്യോധനന്റെ ചിന്ത. 
മൂന്നാം രംഗത്തിൽ ദുര്യോധൻ ചിന്തിച്ചതനുസരിച്ച് ത്രിഗർത്തരാജാവായ ശുശർമ്മാവ് ദുര്യോധനൻ നിയോഗിച്ചതനുസരിച്ച് വിരാടന്റെ പശുക്കളെ മോഷ്ടിക്കാൻ പുറപ്പെടുന്നതാണ് നാലാം രംഗത്തിൽ.

അഞ്ചാം രംഗത്തിൽ ത്രിഗർത്തൻ വിരാടനെ ബന്ധിച്ചു. വിരാടനെ രക്ഷിക്കാൻ ഭീമസേനൻ വന്ന് യുദ്ധം തുടങ്ങി. ത്രിഗർത്തന്റേയും ഭീമസേനന്റേയും യുദ്ധത്തിമർപ്പ് മൂഢമതേ! രണനാടകമാടുക പാടച്ചരകീട എന്ന പദത്തിൽ നന്നായി മുഴങ്ങി കേൾക്കാം. ത്രിഗർത്തനെ ഭീമൻ ബന്ധിക്കുകയും പിന്നെ യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം വിട്ടയക്കുകയും ചെയ്തു. ഈ രംഗം ആടാനുള്ളവകുപ്പ് ഉണ്ട്. ത്രിഗർത്തവട്ടം എന്ന പേരിൽ പ്രസിദ്ധമാണ് ഈ രംഗം.

ആറാം രംഗത്തിൽ വിരാടരാജ്യത്തെ അന്തഃപുരം ആണ്. ആ സമയത്ത് വിരാടപുത്രനായ ഉത്തരൻ അന്തഃപുരത്തിൽ യുവതികളുമായി ശൃംഗാരകേളിയിൽ വിനോദിച്ചിരിക്കുകയായിരുന്നു. ആ രംഗം എതിരില്ലാത്ത രസികതയോടെ കവി വർണ്ണിച്ചിരിക്കുന്നു. അന്തഃപുരസുന്ദരിമാർ ഉത്തരന്റെ കാമാസക്തി വർദ്ധിപ്പിക്കാൻ ചെയ്യുന്ന പ്രേരണകളും ശൃംഗാരനൃത്തങ്ങളും വീര വിരാടകുമാര വിഭോ എന്ന് തുടങ്ങുന്ന കുമ്മിയിൽ അന്യാദൃശരസികതയോടേ കവി വിവരിക്കുന്നു. ഉത്തരന്റെ ആ ശൃംഗാരവിലാസരംഗത്തിനു അനവസരത്തിൽ മാറ്റം ഉണ്ടാകത്തക്കവണ്ണാം പശുപാലകസംഘം ചെന്ന് പശുക്കളെ അപഹരിച്ച വൃത്താന്തം അറിയിച്ചു. കൗരവന്മാരുടെ ആളുകൾ പശുക്കളെ മോഷ്ടിച്ച വിവരം അറിഞ്ഞപ്പോൾ ഉത്തരൻ പശുക്കളെ വീണ്ടെടുക്കാമെന്ന വീരവാദം പറഞ്ഞു. തേരു തെളിക്കാൻ നല്ലൊരു സാരഥി ഉണ്ടായാൽ മതി, പണ്ട് കൃഷ്ണൻ സാരഥ്യം വഹിച്ചതുകൊണ്ട് അർജ്ജുനനു വിജയം കിട്ടിയത് പോലെ താനും ഈ യുദ്ധത്തിൽ വിജയം നേടുമെന്നായിരുന്നു വീരവാദം. 

രംഗം ഏഴിൽ ഈ വമ്പുപറച്ചിൽ കേട്ടു സഹിക്കാതെ പാഞ്ചാലി വിവരം അർജ്ജുനനോട് അറിയിയ്ക്കുന്നതാണ്. ബൃഹന്നളയായി അവിടെ കഴിഞ്ഞിരുന്ന അർജ്ജുനൻ താൻ ഉത്തരനു തേരുതെളിച്ച് കൊടുക്കാമെന്ന് പാഞ്ചാലിയോട് പറഞ്ഞയച്ചു. 

എട്ടാം രംഗത്തിൽ പാഞ്ചാലി നേരിട്ടല്ല ഉത്തരനോട് പറയുന്നത്. ഉത്തരയെ ആണ് പറഞ്ഞയക്കുന്നത്. അങ്ങനെ ബൃഹന്നളയുടെ സാരഥ്യത്തോടുകൂടെ വങ്കനായ ഉത്തരൻ യുദ്ധത്തിനു പുറപ്പെടുന്നു. 

ഒമ്പതാം രംഗം എന്നാൽ കൗരവസേനയെ അടുത്തുകണ്ടപ്പോൾ ഉത്തരന്റെ പൗരുഷവും വീര്യവുമെല്ലാം ഉതിർന്നുവീണു. തേരു തിരിച്ചിടുവാൻ ബൃഹന്നളയോട് പറയുകയും ചെയ്തു. മരണഭീരുവായിത്തീർന്ന ഉത്തരൻ അമ്മയെകാണണമെന്നു കരഞ്ഞുതുടങ്ങി. അന്തഃപുരത്തിലെ സുന്ദരിമാരോട് വീരവാദം മുഴക്കിയ ഉത്തരന്റെ ധീരത എവിടെപ്പോയി എന്ന് ചോദിച്ച് ബൃഹന്നള പരിഹസിച്ചു. ഉത്തരനെ സമാശ്വസിപ്പിച്ചിട്ട് അർജ്ജുനൻ പ്രച്ഛന്നവേഷമെടുത്ത അവസരത്തിൽ ശമീവൃക്ഷത്തിന്റെ പൊത്തിൽ ഒളിച്ചിവെച്ചിരുന്ന ആയുധങ്ങൾ എടുത്ത് താൻ ആരെന്നുള്ളാ വാസ്തവം ഉത്തരനെ അറിയിച്ചിട്ട് തന്റെ കൊടിയടയാളമായ ശ്രീഹനൂമാനെ ധ്യാനിച്ചു. 

പത്താം രംഗം ഹനൂമാന്റെ ആത്മഗതാപരമായതാണ്. അർജ്ജുനൻ സ്മരിച്ചത് അറിഞ്ഞ് ഹനൂമാൻ അർജ്ജുനസവിധത്തിലേക്ക് എത്തുന്നു.

പതിനൊന്നാം രംഗത്തിൽ ബൃഹന്നള ധ്യാനിച്ചതറിഞ്ഞ് ഹനുമാൻ ബൃഹന്നളയുടെ മുന്നിൽ പ്രത്യക്ഷനാകുന്നു. കൗരവന്മാരുമായുള്ള യുദ്ധത്തിൽ തന്റെ കൊടിഅടയാളമായി ഇരിക്കുവാൻ ബൃഹന്നള ഹനുമാനോട് അഭ്യർത്ഥിക്കുന്നു. പശുക്കളെ തട്ടിക്കൊണ്ടുപോയ ശത്രുക്കളെ ഏറ്റുമുട്ടി ജയിക്കുന്നതിനായി, ബലവാനായ രാവണനെ നിഗ്രഹിച്ച ശ്രീരാമചന്ദ്രനെ മനസ്സിൽ ധ്യാനിച്ച് യുദ്ധത്തിനൊരുങ്ങാൻ ഹനുമാൻ പറയുന്നു. ഹനുമാൻ ബൃഹന്നളയുടെ ധ്വജത്തിൽ കയറിയിരിക്കുന്നു. ബൃഹന്നള പിന്തിരിഞ്ഞ് പൂർവാധികം ധൈര്യത്തോടെ ഉത്തരനോട് തേർതെളിക്കുവാൻ  പറയുന്നു

പന്ത്രണ്ടാം രംഗത്തിൽ വർദ്ധിച്ച വീര്യത്തോടെ അർജ്ജുനൻ കൗരവസേനയോടടുത്തു. യുദ്ധഭൂമിയിൽ അർജ്ജുനന്റെ പോരിനുവിളിയോട് ഈ രംഗം തീരുന്നു.

പതിമൂന്നാം രംഗത്തിൽ യുദ്ധഭൂമിയിലേക്കുള്ള വഴിയാണ്. അവിടെ ഭീഷ്മരും കൃപരും  കർണ്ണനും ഒക്കെ ചേർന്ന് യുദ്ധഭൂമിയിലേക്ക് പോകുന്ന സമയത്ത് ഉണ്ടായ വാക്ക് തർക്കങ്ങൾ ആണ് ഈ രംഗത്ത്. കൃപർ, കർണ്ണനെ പതിവ് പോലെ ചീത്ത പറയുന്നു.

രംഗം പതിനാലിൽ ദുര്യോധനനും കൃപനും കർണ്ണനും ഭീമനും എല്ലാം യുദ്ധരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. പിന്നെ അർജ്ജുനൻ കൗരവസൈന്യത്തെ സമ്മോഹനാസ്ത്രം കൊണ്ട് ഉറക്കിയിട്ട് കൗരവരുടെ വസ്തങ്ങൾ ഉത്തരനെ കൊണ്ട് അപഹരിപ്പിച്ചു. അതിനുശേഷം ആയുധങ്ങളെല്ലാം മുമ്പിലത്തെ പോൽ ശ്മശാനത്തിൽ വെച്ചിട്ട് അർജ്ജുനൻ തേരാളിയുടെ വേഷം കൈക്കൊണ്ട് ഉത്തരനോടുകൂടെ വിരാടരാജധാനിയിലേക്ക് പോയി. 

പതിനഞ്ചാം രംഗം വിരാടൻ കങ്കൻ എന്ന പേരായ യുധിഷ്ഠിഅരനോടൊത്ത് ചൂതുകളിച്ച് കൊണ്ടിരിക്കുന്ന രംഗമാണ്. അപ്പോൾ ദൂതൻ ചെന്ന് ഉത്തരൻ കൗരവന്മാരെ തോല്പിച്ച് പശുക്കളെ വീണ്ടെടുത്ത് കഥ വിരാടരാജാവിനെ അറിയിച്ചു. ദൂതൻ പറഞ്ഞതുപോലെ അല്ല വസ്തുതയെന്നും കൗരവരെ തോൽപ്പിച്ചത് ബൃഹന്നള ആണെന്നും കങ്കൻ പറഞ്ഞു. അത് കേട്ട് കോപിച്ച വിരാട ചൂതുകരുവെടുത്ത് കങ്കനെ എറിഞ്ഞു. കങ്കന്റെ നെറ്റി മുറിഞ്ഞ് ഇറ്റിറ്റുവീണ രക്തം ഉത്തരീയം കൊണ്ട് പാഞ്ചാലി തുടച്ചു. ആ സന്ദർഭത്തിനു കൊഴുപ്പു കൂട്ടുമാറ് ഉത്തരൻ പെട്ടെന്ന് പ്രവേശിച്ച്, ഇന്ദ്രപുത്രനായ ഒരുത്തൻ വന്ന് വിജയം നേടിത്തന്നുവെന്ന് സത്യം മറയ്ക്കാതേയും എന്നാൽ മുഴുവൻ പ്രകാശിപ്പിക്കാതേയു വിരാടരാജാവിനോട് അറിയിച്ചു. സത്യാവസ്ഥ പറയരുതെന്ന് ഉത്തരനോട് അർജ്ജുനൻ അപേക്ഷിച്ചിരുന്നുവെന്നത് ഇവിടെ ഓർക്കുക. 

പിന്നെ രംഗം പതിനാറിൽ വിരാടരാജാവ് ചൂതുകരുകൊണ്ട് എറിയുകയാൽ നെറ്റിക്കു മുറിവ് പറ്റിയ ധർമ്മപുത്രനെ ഭീമസേനൻ ചെന്ന് കാണുന്ന രംഗമാണ്. ഈ അപകൃത്യം ചെയ്ത വിരാടനെ വധിക്കാൻ ആഗ്രഹിച്ച ഭീമസേനനെ, താനാരാണെന്ന് അറിയാതെ ചെയ്തതാണ് വിരാടൻ എന്നും അതിൽ അമർഷത്തിനു കാരണം ഇല്ലെന്നും പറഞ്ഞ് യുധിഷ്ഠിരൻ സമാശ്വസിപ്പിക്കുന്നു.

അടുത്തത് രംഗം പതിനേഴ്. അജ്ഞാതവാസക്കാലം വിജയപൂർവ്വം കഴിച്ചുകൂട്ടിയ പാണ്ഡവരെ വിരാടൻ അഭിനന്ദിയ്ക്കുന്ന രംഗമാണ്. അജ്ഞാതവാസത്തിനുവേണ്ടി തങ്ങൾ കങ്കൻ,വലലൻ,ബൃഹന്നള മുതലായ പേരുകളിൽ വിരാടരാജധാനിയിൽ താമസിക്കുകയായിരുന്നുവെന്നും മറ്റുമുള്ള വിവരങ്ങൾ ധർമ്മപുത്രർ അറിയിച്ചു. അറിയാതെ ചെയ്ത് പോയ തെറ്റുകൾ ക്ഷമിക്കണം എന്ന് വിരാടൻ ധർമ്മപുത്രരോട് അപേക്ഷിച്ചു. അതിനുശേഷം വിരാടൻ തൃപ്തനായി തന്റെ പുത്രിയായ ഉത്തരയെ അർജ്ജുനനു നൽകാം എന്ന് പറഞ്ഞു. അർജ്ജുനൻ ഉത്തരയെ സ്വീകരിക്കാതെ സ്വപുത്രനായ അഭിമന്യുവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. 
ഇതോടെ കൂടെ കഥ അവസാനിക്കുന്നു

എങ്കിലും കഥയുടെ അവസാനത്തിൽ ഭക്തിനിർഭരമായ ഒരന്തരീക്ഷം ഉണ്ടാക്കാൻ വേണ്ടി രംഗം പതിനെട്ടിൽ കവി ശ്രീകൃഷ്ണനെ രംഗത്ത് അവതരിപ്പിക്കുന്നു. അജ്ഞാതവാസക്കാലം വിജയപൂർവ്വം നിർവഹിച്ച് ഉത്തരാപരിണയവും കഴിച്ചുവെങ്കിലും പാണ്ഡവർക്ക് മുഖ്യമായി മറ്റൊരു കാര്യം ഉണ്ടല്ലൊ - ദുര്യോധനന്റെ കയ്യിൽ നിന്നും രാജ്യം വീണ്ടെടുക്കുക എന്നത്. അതിനായി ശ്രീകൃഷ്ണനോടുള്ള യുധിഷ്ഠിരന്റെ അഭ്യർത്ഥനയാണ് അവസാനരംഗത്തിൽ. ശേഷേ ശയാനം വിഹഗേ ശയാനം എന്ന് തുടങ്ങുന്ന ശ്ലോകത്തോടെ ധനാശി പാടി കഥ അവസാനിപ്പിക്കുന്നു.
 
വേഷങ്ങൾ
വിരാടരാജാവ്-പച്ച
സുദേഷ്ണ-സ്ത്രീവേഷം മിനുക്ക്
ദുര്യോധനൻ-കത്തി
ഭാനുമതി-സ്ത്രീവേഷം മിനുക്ക്
ദൂതൻ-ഉടുത്തുകെട്ട്
ഭീഷ്മർ-മിനുക്ക്
ത്രിഗർത്തൻ (സുശർമ്മാവ്)-ചുവന്നതാടി
വലലൻ(ഭീമൻ)-ഉടുത്തുകെട്ട്
ഉത്തരൻ-പച്ച
അന്തഃപ്പുരസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്
ഗോപന്മാർ(പശുപാലകർ‌)-ലോകധർമ്മിവേഷം
ബൃഹന്നള(അർജ്ജുനൻ)-സ്ത്രീവേഷം പ്രത്യേകം
മാലിനി(പാഞ്ചാലി)-സ്ത്രീവേഷം
ഉത്തര-സ്ത്രീവേഷം
ഹനൂമാൻ-വെള്ളത്താടി
കർണ്ണൻ-പച്ച
കൃപൻ-പച്ച
ശ്രീകൃഷ്ണൻ-പച്ച കൃഷ്ണമുടി
ധർമ്മപുത്രർ-പച്ച‌‌

ഇതോടൊപ്പം ചിത്രങ്ങളും



ഇനി നമ്മുടെ നളചരിതം രണ്ടാം ദിവസം  ആട്ടക്കഥ ആയാലോ
പാഠഭാഗം
പത്താംക്ളാസ് മലയാളം പാഠപുസ്തകം ഒന്നാംഭാഗത്തിലെ 'സംഘര്‍ഷം' എന്ന വിഭാഗത്തിലാണ് നളചരിതം ആട്ടക്കഥയുടെ രണ്ടാം ദിവസത്തിലെ മൂന്നാംരംഗം 'പ്രലോഭനം' എന്നപേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദമയന്തിയുടെ സ്വയംവരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലും ദമയന്തി നളനെ വരിച്ചതിലും കുപിതനായ കലി, നള– ദമയന്തിമാരെ തമ്മിലകറ്റി രാജ്യത്തിനു പുറത്താക്കുമെന്ന്് ശപഥം ചെയ്തു. അതിനായി നളന്റെ അനുജനായ പുഷ്കരനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണ് രംഗം. 

ഈ രംഗം വായിച്ചു പഠിപ്പിക്കുന്നതിലേറെ വിദ്യാര്‍ഥികളുടെ മനസില്‍ പതിഞ്ഞുകിടക്കുന്നതിനും കേരളത്തിന്റെ കലാരൂപമായ കഥകളിയെക്കുറിച്ചും ഉണ്ണായിവാര്യരെക്കുറിച്ചും കുട്ടികള്‍ കൂടുതല്‍ മനസിലാക്കുന്നതിനും വേണ്ടിയാണ്

കഥാസംഗ്രഹം

രംഗം 1

നളദമയന്തി വിവാഹം ഭംഗിയായി കഴിഞ്ഞു. അവർ തിരിച്ച് നളന്റെ കൊട്ടാരത്തിലേക്ക് എത്തി. ഈ ഒന്നാം രംഗത്തിൽ നളൻ ദമയന്തോട് സല്ലപിച്ച് അവളുടെ നാണം കളയുന്നു.

രംഗം 2

ദേവലോകത്തേയ്ക്കുള്ള വഴിമദ്ധ്യം ആണ് പശ്ചാത്തലം. ഇവിടെ ഇന്ദ്രാദികൾ നളദമയന്തി വിവാഹം കഴിഞ്ഞ് തിരിച്ച് പോകുകയാണ്. അപ്പോൾ എതിരെ കലിയും ദ്വാപരനും കൂടി വരുന്നു. കലി എവിടുന്നാണ് നിങ്ങൾ വരുന്നത് എന്ന് ഇന്ദ്രാദികളോട് ചോദിക്കുന്നു. ഞങ്ങൾ ദമയന്തിയുടെ വിവാഹം കണ്ട് മടങ്ങുകയാണ്, ദമയന്തി നളമഹാരാജാവിനെ വിവാഹം ചെയ്തു എന്ന് കലിദ്വാപരന്മാരോട് പറയുന്നു. കലിദ്വാപരന്മാർ ദമയന്തീ വിവാഹത്തിനു പോകുന്ന വഴി ആയിരുന്നു അത്. വെള്ളം ഊർന്ന് പോയിട്ട് പാലം കെട്ടുന്നതെന്തിനാ എന്ന് ഇന്ദ്രന്റെ പ്രസിദ്ധമായ വാക്യം കേട്ട്, കലിദ്വാപരന്മാർക്ക് ദേഷ്യം വരുന്നു. ഒരു മനുഷ്യപ്പുഴുവിനെ ദമയന്തി വിവാഹം ചെയ്തതിനാൽ ഞാൻ നളനേയും ദമയന്തിയേയും തമ്മിൽ തെറ്റിയ്ക്കും എന്ന് ഉറപ്പ് പറയുന്നു.

ദ്വാപരൻ നളനു പുഷ്കരൻ എന്ന പേരിൽ ഒരു വകയിൽ അനുജനുണ്ട് അവനെ നമുക്ക് പോയി സത്കരിച്ച് മുഷ്കരനാക്കി നളനോട് ചൂതുകളിച്ച് രാജ്യം വാങ്ങി, നളനെ കാട്ടിലയക്കാം എന്ന് സൂത്രം കലിയ്ക്ക് പറഞ്ഞ് കൊടുക്കുന്നു.

രംഗം 3

അതിനായി കലിദ്വാപരന്മാർ നിഷധരാജ്യത്തിലേക്ക് പ്രവേശിക്കുന്നു. എന്നിട്ട് പുഷ്കരനെ കണ്ട് വീര്യം കൊടുത്ത് പുഷ്കരനോട് നളനെ ചൂതുകളിയ്ക്കാൻ വിളിക്കാൻ പറയുന്നു.

രംഗം 4

അത് പ്രകാരം പുഷ്കരൻ ഉദ്ധിതവീര്യനായി നളനെ ചൂതിനു വിളിക്കുന്നു. നളൻ കേട്ട് പുഷ്കരൻ പ്രഗത്ഭനല്ല എന്ന് പറഞ്ഞ് ദമയന്തിയെ സമാധാനിപ്പിച്ച് ചൂതുകളി വെല്ലുവിളി സ്വീകരിക്കുന്നു.

രംഗം 5

ഇവിടെ ചൂതമായി വന്ന കലികാരണം നളൻ ചൂതുകളിയിൽ തോൽക്കുന്നു. രാജ്യവും ധനങ്ങളും നഷ്ടപ്പെടുന്നു. പുഷ്കരൻ നളനോട്, ദമയന്തിയെ കൂട്ടി കാട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ദമയന്തിയും എന്റേതാകും എന്ന് പറയുന്നു.

നളദമയന്തിമാർ കാട്ടിലേക്ക് പോകുന്നു.

രംഗം 6

വനപ്രദേശമാണ് പശ്ചാത്തലം. കലി ആവേശിതനായ നളൻ  ഉണ്ടായ സംഭവങ്ങളെ ഓർത്ത് വിലപിക്കുന്നു. വിശപ്പ് തീർക്കാനായി സ്വന്തം വസ്തം പകുതി മുറിച്ച് പക്ഷികളെ വലവീശി പിടിയ്ക്കാനായി ഒരുങ്ങുന്നു. എന്നാൽ പക്ഷികൾ ആ വസ്തവും കൊണ്ട് പോകുന്നു. പോകുന്നവഴിയ്ക്ക് പക്ഷികൾ, ഞങ്ങൾ വെറും പക്ഷികൾ അല്ല നിന്നെ ചതിച്ച വിരുതന്മ‍ാരായ ഞങ്ങളെ മഹിമ കലർന്ന ചതുരംഗക്കളത്തിലെ കരുക്കൾ എന്നു കരുതുക എന്ന് അറിയിക്കുന്നു. കലിയുടെ മറ്റൊരു ചതി ആയിരുന്നു ഇത്.

രംഗം 7

വേർപാട് രംഗം. വനമണ്ഡപം ആണ് പശ്ചാത്തലം. നളദമയന്തിമാരുടെ പരസ്പരം വിലാപങ്ങൾ കഴിഞ്ഞ് ദമയന്തിയോട് കുണ്ഡിനത്തിലേക്ക് ഉള്ള വഴി നളൻ കാണിച്ചുകൊടുക്കുന്നു. വേർപ്പെടുകയില്ല വല്ലഭനെ എന്ന് ആണയിട്ട് പറഞ്ഞ് ക്ഷീണിതയായ ദമയന്തി നളനെ മടിയിൽ തലവെച്ച് കിടക്കുന്നു. ആ സമയം കലിബാധിച്ച നളൻ, ദമയന്തിയെ ഉപേക്ഷിച്ച് പോകുന്നു. ഉറക്കത്തിൽ നിന്നും ഉണർന്ന ദമയന്തി നളനെ അന്വേഷിച്ച് കരയുന്നു. മാത്രമല്ല ഏത് ഭൂതത്താലാണോ പരിഭൂതനായി എന്റെ കാന്തൻ എന്നെ വിട്ട് പിരിഞ്ഞത്, ആ ഭൂതം എരിതീയ്യിൽ പതിയ്ക്കട്ടെ എന്ന് (കലിയെ) ശപിക്കുകയും ചെയ്യുന്നു.

രംഗം 8

വനമണ്ഡപത്തിൽ നിന്നും ഇറങ്ങി നടക്കുന്ന ദമയന്തിയെ കാണിക്കുന്നതിനു മുന്നേ ഈ രംഗത്തിൽ കാട്ടാളൻ വരുന്നു. കാട്ടാളൻ തന്റെ ഗൃഹത്തിൽ കിടന്നുറങ്ങുമ്പോൾ ഒരു ശബ്ദം കേൾക്കുന്നതും അത് എന്താണെന്ന് ആത്മഗതം ചെയ്യുന്നതും ആയാണ് രംഗം തുടക്കം. ആ സമയം ദമയന്തി വിലാപം കേൾക്കുന്നു. അത് കേട്ട കാട്ടാളൻ ശബ്ദം കേട്ട് ഒരു സ്ത്രീ ആണെന്ന് ഉറപ്പിയ്ക്കുന്നു. അപ്പോൾ ദമയന്തി തന്നെ ഒരു പാമ്പ് വിഴുങ്ങാൻ നോക്കുന്നതായും രക്ഷിക്കൂ എന്ന് വിലപിയ്ക്കുന്നതായും കാണിക്കുന്നു.  ബന്ധുമിത്രാദികൾ ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് ഈ കാട്ടിൽ വന്ന് പെട്ട സ്ത്രീയെ, ഞാൻ 
നിന്നെ രക്ഷിക്കാം എന്നിട്ട് നമുക്ക് എന്റെ വീട്ടിൽ പോയി സുഖമായി വസിക്കാം എന്ന് കാട്ടാളൻ പറയുന്നു. പാമ്പ് വിഴുങ്ങാൻ നോക്കുമ്പോൾ മോഹത്തോടെ വന്ന കാട്ടാളനെ കണ്ട് ദമയന്തി കൂടുതൽ വിലപിയ്ക്കുന്നു. പ്രാണരക്ഷണം ചെയ്താൽ അതിനു പ്രത്യുപകാരം ഒന്നും ചെയ്യാൻ ഇല്ല എന്ന് കാട്ടാളനോട് ദമയന്തി പറയുന്നു. പാമ്പിനെ നിഗ്രഹിച്ച് ദമയന്തിയെ രക്ഷിച്ച്, കാട്ടാളൻ വീണ്ടും തന്റെ മോഹം പറയുന്നു. തുടർന്ന് ദമയന്തി, നിന്റെ പാതിവ്രത്യവ്രതത്തെ ഭംഗപ്പെടുത്തുന്നവൻ ഭസ്മമാകുമെന്ന ഇന്ദ്രന്റെ വരം എനിക്ക്‌ ഇപ്പോൾ പ്രയോജനപ്പെടുമോ എന്ന് ഓർക്കുന്നു. കാട്ടാളൻ ഭസ്മമാകുന്നു. തുടർന്ന് ഇന്ദ്രാദികളെ സ്മരിച്ച് നടന്നുകൊണ്ട് ദമയന്തി വിലപിക്കുന്നു. മുനികളാൽ ആശ്വസിക്കപ്പെട്ട ദമയന്തി കാട്ടിൽ സഞ്ചരിക്കുന്ന നേരം ഒരു നദീതീരത്ത് എത്തുകയും സാർത്ഥവാഹകസംഘത്തെ കാണുകയും അവരോടൊപ്പം സഞ്ചരിക്കാം എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യുന്നു.

രംഗം 9

കച്ചവടസംഘത്തെ കണ്ട് സമീപിക്കുന്ന ദമയന്തിയെ കണ്ട് സംഘത്തിൽ ഉള്ളവർ ഒറ്റപ്പെട്ട ഒരു സ്ത്രീ കാട്ടിൽ ഇങ്ങനെ വന്നുകണ്ടതിനാൽ പരിഭ്രമിക്കുന്നു. സംഘത്തലവനായ ശുചി ദമയന്തിയോട് കാര്യം ആരായുന്നു. ദമയന്തി തന്റെ കഥകൾ ചുരുക്കി ശുചിയോട് പറയുന്നു. അത് കേട്ട് വ്യാപാരിയായ ശുചി ചേദിരാജ്യത്ത് ചെല്ലാൻ ദമയന്തിയെ ഉപദേശിക്കുന്നു. അങ്ങനെ ശുചി ചേദിരാജാവായ സുബാഹുവിന്റെ കൊട്ടാരത്തിലേയ്ക്ക് ദമയന്തിയെ കൊണ്ട് പോയി വിടുന്നു.

രംഗം 10

ഇവിടെ ചേദിരാജാവിന്റെ കൊട്ടാരം ആണ് പശ്ചാത്തലം. ദമയന്തിയെ കണ്ട് സുബാഹുവിന്റെ അമ്മ ആരാ എന്ന് ചോദിക്കുന്നു. സുബാഹുവിന്റെ അമ്മയോട് ഉച്ഛിഷ്ടം കഴിക്കില്ല, ഞാൻ ദേവിയുമല്ല കിന്നരിയുമില്ല പക്ഷെ, പുരുഷന്മാരോട് മിണ്ടുകയുമില്ല അങ്ങനെ വല്ല പുരുഷന്മാരും വന്നാൽ അവനെ നീ ഉടൻ വധിക്കണം എന്നൊക്കെ പറഞ്ഞ് അവിടെ വാഴുന്നു.

രംഗം 11

അങ്ങനെ വസിക്കുന്ന സമയം നളദമയന്തിമാരുടെ കഥ അറിഞ്ഞ് ദമയന്തിയുടെ അച്ഛൻ ആയ ഭീമൻ, അവരെ കണ്ട് പിടിയ്ക്കാൻ പലദിക്കിലേക്കും ബ്രാഹ്മണരെ അയച്ചു. അങ്ങനെ സുദേവൻ എന്ന ബ്രാഹ്മണൻ സുബാഹുവിന്റെ കൊട്ടാരത്തിലും ഒരുദിവസം എത്തി.

ദമയന്തിയെ തിരിച്ചറിഞ്ഞു സുദേവൻ. സുദേവൻ ദമയന്തിയോട് സംസാരിച്ചു. ചേദിരാജ്ഞിയോട് സംസാരിച്ച് അനുവാദം വാങ്ങി കുണ്ഡിനത്തിലേക്ക് ദമയന്തിയെ കൂട്ടി കൊണ്ട് പോകാം എന്ന് പറയുന്നു.

രംഗം 12

അപ്രകാരം ദമയന്തി സ്വന്തം അച്ഛന്റെ കൊട്ടാരത്തിൽ എത്തി, അച്ഛനെ വണങ്ങി നളനെ കാണാതെ ജീവിയ്ക്കുന്നതിൽ ഭേദം മരണം എന്ന് അച്ഛനെ അറിയ്ക്കുന്നു. അച്ഛൻ ദമയന്തിയെ ആശ്വസിപ്പിക്കുന്നതോട് കൂടെ ഈ ദിവസം കഴിയുന്നു.

അരങ്ങു    സവിശേഷതകൾ

കുവലയ വിലോചനേ എന്ന് പദം ചൊല്ലിയാടിക്കാറുണ്ട്. “മങ്ങീ മയങ്ങീ..” എന്നിടത്ത് വാദ്യങ്ങൾ ഒക്കെ നിർത്തി വെക്കാറുണ്ട്.                        

ഇതോടൊപ്പം ചിത്രങ്ങളും




തത്കാലം നിർത്തട്ടെ 🙏🏻🙏🏻🙏🏻
***********************************************************
Swapna: ടീച്ചർ ഗംഭീരം.....പ്രൈം ടൈം ഇനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന്  അഭിപ്രായം പറയാൻ മാത്രം വിവരമില്ലാത്തതോണ്ട് ലോക സാഹിത്യം വരുമ്പോഴെന്ന പോലെ നിശബ്ദവായനക്കാരി ആകേണ്ടി വരുന്നു. വിശദമായ പരിചയപ്പെടുത്തലുകൾ , ചിത്രങ്ങൾ, വീഡിയോ ഒക്കെ ഉപകാരപ്രദം🙏🏻🙏🏻🙏🏻👍👍👍

Anil: ആട്ടക്കഥാ പരിചയം....
എല്ലാ വശങ്ങളെയും ' ഉൾക്കൊണ്ട് പരിചയപ്പെടുത്തിത്തന്നതിന് നന്ദി ....

Vasudevan: ഇന്ന് പായസം രണ്ടുണ്ടല്ലോ -
ഗംഭീരം 
കഥകളി കാണാറുണ്ടെങ്കിലും കാണുന്ന കളിയുടെ കഥയേ ശ്രദ്ധിച്ചിരുന്നുള്ളൂ.
ഇത്രയും വിശദമായി സൂക്ഷമമായി കഥകളിയെ അറിയാൻ സഹായിച്ചതിന് നന്ദി🌺

Nesi: കഥകളിയുടെ വേഷങ്ങൾക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ടോ?അതായത് നിത്യജീവിതത്തിലെ വേഷവിധാനങ്ങളുമായി ബന്ധമില്ലാത്ത വേഷങ്ങൾ എവിടുന്നാണ് സ്വീകരിച്ചത് ?
കഥകളിയുടെ വേഷങ്ങൾക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ടോ?അതായത് നിത്യജീവിതത്തിലെ വേഷവിധാനങ്ങളുമായി ബന്ധമില്ലാത്ത വേഷങ്ങൾ എവിടുന്നാണ് സ്വീകരിച്ചത് ?

Vasudevan: 
കഥാപാത്രങ്ങൾക്ക് മനുഷ്യാതീതത്വം തോന്നിക്കാൻ ഉതകിയ വേഷമാണല്ലോ -
തെയ്യത്തിലും മറ്റും ഇവിടെ ഉണ്ടായിരുന്നല്ലോ -

Rajani: വീര...വിരാട... കുമാര വിഭോ...👏🏻👏🏻👏🏻👌🏻👌🏻 സീത ടീച്ചറേ.. നന്ദി.പറയാൻ വാക്കുകളില്ല..വീഡിയോ കൂടി ചേർന്നപ്പോൾ... അസ്സലായി

Suresh Kumar: അടപ്രഥമനും പാല്പായസവും കഴിച്ചതു പോലായി

Vasudevan: 
🌼🌼🌼🌼🌼🌼🌼🌼🌼🌼 ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവള്‍ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
ഞാന്‍ പോയിരുന്നു

ഇരയിമ്മന്‍തമ്പി നല്‍കും ശൃംഗാരപദലഹരി
ഇരയിമ്മന്‍തമ്പി നല്‍കും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേര്‍ന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകള്‍ എരിഞ്ഞുനിന്നു

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു

കുടമാളൂര്‍ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്തളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണന്‍ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു
ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി
ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാന്‍

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
കാഞ്ചനക്കസവുള് പൂഞ്ചേലയുടുത്തവള്‍ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു


Shaji Kannur: ആട്ടക്കഥ... പരിചയപ്പെടുത്തൽ... നന്നായ്..🌹

Seetha: 
മാതംഗാനന മബ്ജവാസരമണിം 
ഗോവിന്ദ മാദ്യം ഗുരും 
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം 
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍ 
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം 
ശ്രീപോര്‍ക്കലീമിഷ്ടദാം 
ഭക്ത്യാനിത്യമുപാസമഹെ സപദി ന: 
കുര്‍വ്വന്ത്വമീ മംഗളം "

എന്ന് കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരിദേവിയുടെ മഹത്വം ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

 തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തോന്നായ്കയാല്‍ ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നതും ചരിത്രമാണ്. ഇന്നും ആ സ്ത്രീ വേഷം തന്നെയാണ് കഥകളിയില്‍ ഒരുമാറ്റവും വരുത്താതെ നിലവിലുള്ളത്.

Prajitha:                        
 കേളിയെഴുന്ന കഥകളിസാഹിത്യത്തി_
നുള്ളറകളെ ഏവം വിശദമായ്
ഒളിയോടെ വെള്ളിതൻ വെള്ളിവെളിച്ചമായ് മാറ്റിയയെ_
ന്നാളി സീതടീച്ചറിനു നമോവാകം

Seetha: ഇന്നത്തെ പ്രൈംടൈമിൽ ഇടപെടലുകൾ നടത്തിയ എല്ലാവർക്കും നന്ദി
ഇതുവരെയായി ഇരുപത്തിയഞ്ചോളം ആട്ടക്കഥകളെ പരിചയപ്പെടുത്തി ഇനിയും ആട്ടക്കഥകൾ അവശേഷിക്കുന്നു മെമ്പർമാരുടെ താല്പര്യക്കുറവും എന്റെ സമയപരിമിതിയും കണക്കിലെടുത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള, ലോകസാഹിത്യത്തിൽ ഇടം പിടിച്ച കഥകളിയുടെ സാഹിത്യവലോകനമെന്ന ഈ പങ്തിയ്ക്ക് ധനാശി ചൊല്ലുന്നു  🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈ പംക്തി ഇവിടെ അവസാനിക്കുന്നു🙏🏻