26-08-2017

📝 നവസാഹിതി📝
സൈനബ
🖍🖍🖍🖍🖍🖍🖍

കൊള്ളിയാൻ  മീനുകൾ

'രാത്രികളെ  ചുവപ്പിക്കുന്ന മീനുകൾ'...
വെറുതെ ചിരിക്കുകയും വെറുതെ കരയുകയും ചെയ്യാറുള്ള വീടിന് ചുറ്റും എത്ര വിളക്കുകളാണ്.
'വെളിച്ചമുള്ള വിളക്കിൽ ചില ഈയാംപാറ്റകൾഎത്ര സുന്ദരമാ യാണ് ആത്മഹത്യ ചെയ്യാറുള്ളത് !!! '
ജോൺ... ഇതാ മരുന്ന് കഴിക്കൂ...
വാർഡൻ ആണ് അയാൾക്ക് എന്റെ ഭ്രാന്ത് മാറ്റാൻ തിടുക്കമായിരിക്കുന്നു.
തരൂ ...
"ഹേയ്..!!
മിസ്റ്റർ വാർഡൻ താങ്കൾക്ക് ഭ്രാന്തുണ്ടോ ! ! ?"
ഇല്ല...
"നിങ്ങൾ ഉറങ്ങാറുണ്ടോ?"
ഉണ്ട്..
"കൊള്ളിയാൻ മീനുകളെ കാണാറുണ്ടോ ഉറക്കത്തിൽ..?"
ഹ ഹ ഹ..
ജോണെ നീ മരുന്ന് കഴിക്കൂ.
ഹ ഹ ഹ ...
""നീ ഭ്രാന്തനാണ് മിസ്റ്റർ വാർഡൻ; നിന്റെ കാലുകളിൽ നോക്കൂ അഴിക്കാൻ പറ്റാത്ത ചങ്ങലകൾ കാണുന്നില്ലേ""!!
"എൻറ്റ കാലുകൾ നോക്കൂ... സ്വതന്ത്രമാണ്...
 അഴിച്ച് മാറ്റാവുന്ന കാലം തന്ന സുന്ദരമായ സമ്മാനം!!!..."
""പക്ഷെനിങ്ങൾക്കു ചുറ്റും കൊള്ളിയാൻ മീനുകളാണ് ... കണ്ണിനെ മാത്രം കൊതിപ്പിക്കുന്ന, ചിത്രകൂടാരത്തിൽ നിന്ന് മാത്രംഇറങ്ങി വരാറുള്ള കൊള്ളിയാനുകൾ""
അക്കരപച്ചയുടെ തീവ്രതകൾ
""നിങ്ങൾ ഉറങ്ങാറുണ്ടോ?""
ചുറ്റും നോക്കൂ !!!
""വീടുകൾക്ക് ചുറ്റും വിളക്കുകൾക്കു ചുറ്റും ഇയാം പാറ്റകളുടെ സുന്ദരമായ ആത്മഹത്യകൾ !!!""
   

    നിജിൽ
ആസ്വാദനം

ഭ്രമാത്മകമാംവിധം യാഥാർത്ഥ്യങ്ങളെ
ഒരു കൊളളിയാൻപോലെ പ്രതിഫലിപ്പിക്കുന്ന ചെറുകഥയാണ് കൊളളിയാൻ മീനുകൾ...
കഥയുടെ തുടക്കത്തിൽ തന്നെ  എന്താണ്
മീനുകൾ എന്നതിനുളള ഉത്തരം തേടുകയാണ് വായനക്കാരൻ ...

ഇവിടെ
രാത്രികളെചുവപ്പിക്കുന്ന മീനുകൾ
 എന്നത് ഇരുട്ടിനെ
മാറ്റി പ്രതിഷ്ഠിക്കുന്ന
ഭ്രമാത്മകതയെയാണ്...
 വീടെന്ന സങ്കല്പത്തെപ്പോലും തികച്ചും
വ്യത്യസ്തമായരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു...
വീടെന്നാലത്
അകത്തളത്തിലെ ജീവികളുടെ
വികാരവിക്ഷേപങ്ങളുടെ ഒരു പരിശ്ചേദമായി ഇവിടെ പ്രതിഭലിപ്പിച്ചിരിക്കുന്നു...
വീടിനുചുറ്റുമുളള  വിളക്കുകളെ ആ വീടിനുവേണ്ടികത്തുന്ന സന്തോഷമായി കണക്കാക്കാം...
പലപ്പോഴും ഒരു വീടിൻറ്റ സന്തോഷത്തിനായി; അല്ലാഎങ്കിൽ
കുടുംബത്തിൻറ്റ ഭദ്രതക്കായി ഈയാം പാറ്റകൾ പോലെ
സ്വന്തം
സുഖദു:ഖങ്ങളെ വലിച്ചെറിഞ്ഞ് ആത്മത്യാഗം ചെയ്യുന്ന
ജന്മങ്ങളെ
വരികൾക്കിടയിൽ ഇടം നൽകിയിരിക്കുന്ന രചനാവൈഭവം പ്രശംസനീയംതന്നെ...
ഇവിടെ
ഭ്രാന്തെന്ന
അവസ്ഥയിലെത്തിയ നായകകഥാപാത്രത്തിലൂടെ ചുറ്റുപാടുകളുടെ സങ്കീർണ്ണതകളെയും
യാഥാർത്ഥ്യ  ബോധങ്ങൾതമ്മിലുളള വേലിയേറ്റങ്ങളേയുമാണ്
വായനക്കാരന് ഗ്രഹിക്കാനാകുന്നത്...
 വാർഡൻ കഥാപാത്രത്തിനെ
ചുറ്റിയുളള ബന്ധങ്ങൾ എന്ന ബന്ധനങ്ങൾ മോചനം നൽകാത്ത ബന്ധനങ്ങളായി നിർവ്വചിക്കപ്പെട്ടിരിക്കുന്നു ...
ഭ്രാന്ത് സമ്മാനിച്ച
ഒറ്റചങ്ങലമാത്രം കൂടെയുളള  ജോൺ എന്ന കഥാപാത്രം...
ഭ്രാന്ത് സമ്മാനിച്ചത് ബന്ധമെന്നബന്ധനങ്ങൾ ഇല്ലാത്ത അഴിച്ചുമാറ്റാനാകുന്ന
ബന്ധനം മാത്രമുളളലോകം...
തികച്ചും
യാത്ഥാർത്ഥ്യ ത്തെ
ഭ്രാന്തെന്ന തലത്തിലേക്ക് നടതളളപ്പെട്ട കഥാതന്തു പോലെ
വായിക്കാം...
ജീവിതത്തിലെ അക്കരപ്പച്ചതേടിയുളള മനുഷ്യൻറ്റ പാച്ചിലുകളെ ;
ഉറക്കമില്ലാതെപോലും എന്തൊക്കയോ വെട്ടിപിടിക്കാനും
എന്തിനൊക്കയോ
പിറകേയുളള തീരാത്ത ജീവിതയാത്രകളേയും  കഥ പരാമർശിക്കുന്നു...ഇതിലൂടെ
ജീവിക്കാൻ മറന്നുപോകുന്ന ജനതയെ നമുക്ക് കാണാനാകും...
അതെ
ഈയാംപാറ്റകൾ
എന്തിനോവേണ്ടി
തുടങ്ങിയ
ജീവിതം എത്രമനോഹരമായി
ആത്മഹത്യയിലൂടെ അവസാനിപ്പിക്കുന്നു...
ഇത്രയും
ഉയർന്ന വായന സമ്മാനിച്ച എഴുത്തുകാരന്
അഭിവാദ്യങ്ങൾ....
          

    🌶 കാന്താരി 🌶

സലാം കരുവമ്പൊയിൽ
--------------------
പാഠ മുറിയിലേയ്ക്കെത്ര ദൂരം?
- - - - - - - - - - - - - - - - - 

ഇന്നത്തെ
കുട്ടികൾ
എന്താണ് പഠിക്കുന്നത്?
നിഴലിന്റെ നീളമളക്കാൻ ,
പോറലേൽപിക്കാതെ
അതിനെ മെരുക്കി നിർത്താൻ
ഇന്ന്
എത്ര പേർക്കറിയാം?
ഞങ്ങൾ
ബാലർ,
നിഴലിന്റെ തുമ്പത്തു വടം കെട്ടി
അവയെ പിടിച്ചുകെട്ടി.
കളിയിടങ്ങൾക്ക് പുറത്തെവിടെയോ
അസ്തമിച്ചുപോകാറുള്ള
അതിന്റെ വീതിയും വിസ്താരവും
അളന്നളന്നു
"ഹുറേ.. " വിളിച്ചു.
സാറ് പറഞ്ഞു:
"നിങ്ങൾ
മുഴുവൻ മാപിനിയുടെയും
സൂത്ര വാക്യങ്ങൾ
തിരുത്തിയെഴുതി.''
സമവായത്തിന്റെ ഏതു ഭാഷയും അന്യമായിട്ടും,
ഒത്തുതീർപ്പിന്റെ
ഒരു അർഥശാസ്ത്രവും അംഗീകരിച്ചില്ലെങ്കിലും
ഞങ്ങൾ
നിഴലുകളെ
താഴിട്ടുപൂട്ടി.
ക്ലാസുമുറിയിൽ മാഷ്,
കരിക്കുലത്തിന്റെ കാതൽ
ഇതെന്ന് വാഴ്ത്തി.
ഇന്നത്തെ
കുട്ടികൾ
എന്താണ് പഠിക്കുന്നത്!
'ബാക്ക് റ്റു സ്കൂളി'ന്റെ
നിറം മങ്ങിയ ചായങ്ങൾ
അലങ്കാര മത്സ്യങ്ങൾക്ക്
ആഹാരമാകുന്നുണ്ട്.
ലോക്കോസ്റ്റും അഡിഡാസും
ഗ്ലോസി ഡ്രിങ്ക് സ് ബോട്ടിലുകളും
ചില്ലലമാരയിൽ നിന്ന്
പാഠ മുറിയിലേക്കുള്ള ദൂരം
മന:പാഠമാക്കിയിട്ടുണ്ട്.
ചോക്കോബാറിനൊപ്പം
ചിപ്പുകളും ആപ്പുകളും ചേർന്ന്
നിഴലുകളെ
പ്രലോഭിപ്പിച്ചിട്ടുണ്ട് ..
ഇന്നത്തെ
കുട്ടികൾ

എന്താണ് പഠിക്കുന്നത്..?

നട്ടുച്ചകൾ ബാക്കിവെച്ചത്
➖➖➖➖➖
(സൈനബ്', ചാവക്കാട്)

വേതാള രൂപം
പ്രാപിച്ച
നട്ടുച്ചകൾക്ക്
ബാക്കി വെക്കാനുള്ളത്
ചുവന്ന ചാരക്കൂനകളാണ് ,
മുലഞ്ഞെട്ടുകളിൽ
വറ്റിപ്പോയ
താരാട്ടുകളുടെ
ഗദ്ഗദങ്ങളാണ് ,
ഇരുട്ടിന്റെ
ചങ്ങല കിലുക്കങ്ങളിലേക്ക്
മറയുന്ന
പോക്കുവെയിലിന്റെ
തീരാശാപങ്ങളാണ് ,
പുലരിത്തുടുപ്പിന്റെ
ഇളം കണ്ണുകളിലെ
ഭയപ്പാടുകളാണ് ..
തിളക്കമുള്ള
വെയിൽ യാത്രകൾ
ഇതിഹാസങ്ങളുടെ
നിറഭേദങ്ങളെ
കാണിച്ചു തന്നിരുന്നു
 ആകാശത്തോളം
വിശാലമായ
ഉദയാസ്തമയങ്ങളുടെ
പുതിയ ലിപികൾ
എഴുതിച്ചേർക്കാൻ ..

ഈ  അടുത്ത  ദിവസങ്ങളിൽ  പത്ര മാധ്യമങ്ങളിലൂടെ  നമ്മളറിഞ്ഞ മനസ്സാക്ഷിയെ  ഞെട്ടിച്ച  ഒരു  സംഭവം......പത്തുവയസ്സുകാരിയായ  ഒരുപെൺകുട്ടി സ്വന്തം  അമ്മാവന്റെ  പീഡനത്തെതുടർന്ന് ഗർഭിണിയാക്കപ്പെട്ട്..... ഏഴു മാസത്തിനു ശേഷം  തിരിച്ചറിയപ്പെട്ട  സംഭവം.... ! ആ  സംഭവത്തെ  ആസ്പദമാക്കി എഴുത്തുകാരി  റൂബിനിലമ്പുർ  എഴുതിയ ഹൃദയസ്പർശിയായ  കഥ.....(Prajitha)

അവൾ.... 
    -----------------------
 
         ചെളികുഴഞ്ഞ  ചേരിയിലെ  മുറ്റത്ത്  വട്ടത്തിൽ  കുഴിച്ചിട്ട്  നീളത്തിൽ  മുളച്ചുപൊന്തിയ ചെണ്ടുമല്ലി  ചെടിയിലാണ്  ഞാനാ കുഞ്ഞുചിത്രശലഭത്തെ  ആദ്യം  കണ്ടത്. ഇപ്പൊ,  ഇതാ ആശുപത്രി  ഗേറ്റിനു  നേരെ  ഉണ്ടച്ച മഞ്ഞപ്പൂക്കൾ  ചൂടിയ ചെണ്ടുമല്ലിച്ചെടിയിലും അതേ പുള്ളിയുടുപ്പിട്ട്  അനങ്ങാതെ..... 
    ഒന്നുതൊടാനായി  ഓടാൻ  തുനിഞ്ഞതേയുള്ളൂ.... അമ്മ  പിടിമുറുക്കിയ  എല്ലിച്ച  കൈത്തണ്ട  വേദനിച്ചു എനിക്ക്  ! 
    "നോക്കമ്മേ, പാവം... അതിന്റെ  ചിറക്  ചതഞ്ഞിരിക്കിന്നു..... ! "
    കല്ലുപൊട്ടിക്കിണ  ക്വാറിയിൽ കരിമരുന്നു പുകയുമ്പോലെ  അമ്മയുടെ  മുഖം ! ഞാൻ  നാവടക്കി. 
   മരുന്ന് മണക്കുന്ന  കോവണിപ്പടി  കയറിയപ്പോൾ  കുഞ്ഞുവയറിന്റെ  ഇടത്തെ ചെരിവിൽനിന്നൊരു  കൊളുത്ത്. "ഹൗ ! ഹമ്മേ... !" നടുവളഞ്ഞുപോയി. 'അമ്മ  പിടിച്ചെഴുന്നേല്പിച്ചു. 
              കുറച്ചുനാളുകളായി അമ്മ  ഈലോകത്തും പരലോകത്തുമല്ലാത്ത മട്ടിൽ.... ! ആരോടൊക്കെയോ  പകപോക്കുന്നപോലെ. ചിലപ്പോൾ  ഒരു  പൊട്ടിത്തെറി കാത്ത് കുത്തനെ നിൽക്കുന്ന  പാറക്കല്ലുപോലെ  നിശ്ചലയായി.... ! ഇടക്ക്  ഭ്രാന്തെടുത്ത്.... !!
         നിക്കൊന്നും  മനസ്സിലാവണില്ല്യ. എന്റെ കു്ഞ്ഞു വയറിനകത്തെന്തോ ഗുലുമാല് പിടിച്ച  സാധനം ണ്ടെത്രെ..... ! മുഴയാണെന്ന്  അപ്പൻ  പറഞ്ഞു. 
   "വലുതാണോ... ? പൊതിച്ച  തേങ്ങേന്റെ  അത്രേം  ണ്ടാവോ.... ?" ഞാൻ  പേടിച്ചു  നെലവിളിച്ചു. അമ്മയുടെ  ചേലക്കിടയിലേക്ക്  ചുരുണ്ട്കൂടി. 
അപ്പോൾ ,  മഞ്ഞച്ച ഷീറ്റ്  വലിച്ചുകെട്ടി  അടുക്കളച്ചുവരെന്ന്  പ്രഖ്യാപിച്ച  ചായ്പ്പിലെ മൂലയിൽ  ചെവിടിമണ്ണ് പൂശിയ വെട്ടുകല്ലുകൾ  വലിയ  വായ്‌പിളർത്തി നിന്നു. 
      ആ ഇത്തിരിചായ്പ്പിലേക്ക്   ഇടയ്ക്കിടെ വിരുന്നെത്തുന്ന  മുറൈമാമനെ ക്വാറിയിലെ  പണികഴിഞ്ഞെത്തുന്ന  അമ്മ  ആവുംവിധം സത്കരിക്കും. അന്ന് അരവയറെരിഞ്ഞു  പായ്‌ വിരിക്കും  ഞാനും  അമ്മയും. 
              പകലറുതിയിലപ്പനെ  വെളിവോടെ  കണ്ടിട്ടേയില്ല. പക്ഷെ,  ഇന്നപ്പൻ  കുടിച്ചിട്ടേയില്ലെന്നു  തോന്നുന്നു. ആസ്പത്രി വരാന്തയിൽ  തലകുമ്പിട്ടിരിക്കുമ്പോ  അപ്പനാരെയും കാണുന്നുണ്ടായിരുന്നില്ല. 
          ഇരുമ്പ്കട്ടിലുകൾ  മുരണ്ടുകരയുന്ന വാർഡിലേക്ക് ഒരേ ഉടുപ്പിട്ട  പലമുഖങ്ങളുള്ള ഡോക്ടർമാർ  തിരക്കിട്ടു  കയറിവന്നു. അതിൽ  മിനുത്തമുഖമുള്ളൊരു  ഡോക്ടർ  എന്റെ  മുഖത്തൊന്നു  തടവി. പിന്നെയവർ  വിട്ടുനിന്നു  പതുക്കെ  എന്തൊക്കെയോ  സംസാരിച്ചു. എന്റെ  മുഖത്തു  നോക്കാൻ  മടിച്ചു  ചിലർ മുഖം  തിരിച്ചു.  
                  അവർ  പോയിക്കഴിഞ്ഞപ്പോൾ  പിറകെ  ഓടിച്ചെന്ന്  മിനുത്ത  മുഖമുള്ള  ഡോക്ടറുടെ  സാരിത്തുമ്പ്  പിടിച്ചുനിർത്തി  ഞാൻ  ചോദിച്ചു. 
    " വേദനയുണ്ടാവോ  ? എന്നെ  ഉറക്കികിടത്തിയിട്ട്  വയറു  കീറിയാ മതി ട്ടോ.... വേഗം  മുറിവുണങ്ങത്തത്തില്ലെ... ? നിക്ക്  ഉസ്കൂളീ  പോവാനുള്ളതാ... ഞാൻഇക്കൊല്ലം  അഞ്ചാംക്ലാസ്സിലാ..... "

                       റൂബി നിലമ്പുർ.