19-08-2017

സഹൃദയരെ..
 നവസാഹിതിയിലേക്ക് സ്വാഗതം ..🙏🙏

പ്രകൃതിയുടെ വരദാനമായി കിട്ടിയ സർഗ്ഗ ചേതനക ളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിലും വരും കാലങ്ങൾക്കും നമ്മെ അടയാളപ്പെടുത്തുന്ന വേദിയാവട്ടെ ഇത് എന്ന് ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു ,,
💐💐💐💐💐

സൈനബ്, ചാവക്കാട് ..

സ്വപ്ന റാണി ടീച്ചറുടെ കവിത കൊണ്ട് തന്നെ നമുക്കിന്ന് തുടങ്ങാം

🍀🍀🍀🍀🍀🍀🍀🍀🍀
പൊലിഞ്ഞു പോയവ......
🎈🎈🎈🎈🎈🎈🎈🎈
സ്വപ്നാ റാണി
➖➖➖➖➖➖➖➖➖
മൗനത്തിന്റെ
കനത്ത തിരശ്ശീലയാൽ
എന്റെ ജാലകം
മറയ്ക്കപ്പെട്ടിരുന്നു.
നീയൊരു കാറ്റായ് കടന്നു വന്ന്,
തളം കെട്ടി നിന്ന
സ്നേഹപ്രവാഹത്തിന്
ചാലുകീറിക്കൊടുത്തു.
ജാലകത്തിനപ്പുറം
ഗുൽമോഹർ
പൂത്തുലഞ്ഞത്
എനിക്കു മാത്രം കാണാനെന്നോതി.
അയഞ്ഞു പോയ തന്ത്രികളിൽ നിന്നും
രാഗമാലിക തീർത്തു.
എന്റെ മൗനത്തെയുടയ്ക്കാൻ
ഇരവു പകലുകളിലൊരു പോലെ
കാഴ്ചയായ്, കേൾവിയായ്
വർണ്ണമായ്‌, നാദമായ്
സ്വയം നിറഞ്ഞുനിന്നു.
എന്നിട്ടുമെന്നിട്ടും
ഒരിക്കൽ........
തഴുതിട്ട വാതിൽ
ഞാൻ പതുക്കെ തുറന്നപ്പോൾ
നീ തിരികെ നടക്കുകയായിരുന്നു;
കണ്ണുകളിൽ
അതിപരിചയത്തിന്റെ
അപരിചിതത്വം
നിറച്ചു കൊണ്ട്.
എന്റെ മനസ്സിൽ നിന്ന്
കവിതയിറങ്ങിപ്പോയതും
അന്നായിരുന്നു.
🍀🍀🍀🍀🍀🍀🍀🍀🍀

തിരിച്ചൊന്നിറങ്ങണം
കയറി പോന്ന പടവുകളിലേതിലൊ
നിന്നെ മറന്നിട്ടുണ്ട്..
കരയാതിരിക്കണം ശപിക്കാതെയും
ഒരിക്കലും മറന്നതല്ല
മറവി ഒരു തോന്നലാണ്..
അന്ന് കാലം ക്രൂരമായിരുന്നു
എല്ലാ ഋതുക്കളും ഗ്രീഷ്മമായിരുന്നു..
ഇഷ്ടങ്ങൾക്ക് വിടരും മുമ്പേ
അടരാനായിരുന്നു വിധി
ഒരു വിരൽ തുമ്പ് പോലും
നീട്ടി തരുവാൻ കഴിയുമായിരുന്നില്ല
എങ്കിലും പിറകെ വരുമെന്ന് കരുതി
ഓരോ പടവിലും
മൗനത്തിന്റെ ചോരയും
നിസ്സഹായതയുടെ കണ്ണീരും
അടർത്തിയിട്ടിരുന്നു..
ഇന്നിതാ ഒരു ജീവിതത്തിന്റെ
കൈ മുഴുവൻ നീട്ടുന്നു
തിരിച്ചിറങ്ങിയാൽ
നീ അവിടെയുണ്ടാകുമോ?
പൊയ്മുഖങ്ങളിൽ നിന്ന്
എന്നെ തിരിച്ചറിയുമോ?

- പവിത്രൻ തീക്കുനി-

സ്വതന്ത്ര ഭാരതം

ചിതലരിച്ച്തുടങ്ങിയ സ്വാതന്ത്ര്യ പച്ച
ചിലർക്ക്,
ചൊല്ലിപ്പഠിക്കാൻ
ഇനി അവ്യക്തമാണെല്ലാം
നമുക്ക്

ഇരുട്ടിലാത്മാക്കളുടെ നിലവിളികൾ
ഇനിയേത് അതിർത്തി കടക്കുമെന്നാശങ്കകൾ

പ്രാണവായു തേടി
പിടഞ്ഞു വീഴുന്ന കുഞ്ഞുടലുകളിൽ
പീഢിതരുടെ പച്ചകുത്തലുകൾ

അഴുക്കിൽ നിന്ന്
ഒാടകളിൽനിന്ന്
വൃത്തിഹീനമായ
അകത്തളങ്ങളിൽനിന്ന് തെരുവോരങ്ങളിൽനിന്ന്
ആശുപത്രികളിൽ നിന്ന്

എണ്ണിതിട്ടപ്പെടുത്താനാവാത്ത കൈകൾ നീണ്ടുവരുന്നുണ്ട്..
മുഷ്ടി ചുരുട്ടിയവ
വിറകൊള്ളുന്നവ
യാചിക്കുന്നവ
അരുതെന്നറിയിച്ച്
മാനം പൊത്തിപ്പിടിച്ചവ

ഭാരിച്ച സ്വാതന്ത്ര്യം
പേറി ഈ ആകാശഭൂവൊക്കെയും ഗോശാലകൾക്ക് മുമ്പിൽ മുട്ട് കുത്തുകയോ ?

കാലന്റെ കാലൊച്ച, പതിഞ്ഞെത്തുന്നതും ഭയന്ന് ദളിദരും ന്യൂനപക്ഷവും ഉഴറി ഒാടുകയാണ്

വിളറി വെളുത്ത ജനപക്ഷം
കൈവിരലിനറ്റത്തെ
കറുത്തമഷിയെ
വെറുപ്പോടെ നോക്കുകയാണ്

അതിൽ നിഴലിച്ച ചിത്രത്തിൽ മാലയിട്ട ഗോപിതൊട്ട
പട്ട് പുതച്ച പശു
ചോര പുരണ്ട ഗോമാംസത്തിന് മനുഷ്യ രക്തത്തിന്റെ മണം

ഭാരതംസ്വാതന്ത്ര്യംആഘോഷിക്കയാണ് ജീവനുള്ള
ജഡങ്ങൾ ദേശീയഗാനവും
ആലപിക്കുന്നുണ്ട്

സിനിമാശാലകളിൽ
പടരുന്ന അടക്കിപിടിച്ച ചിരികളിലാദ്യമായി
''ജനഗണമന''
നഗ്നയായി

വിദൂരതയിലെവിടെയോ ഒരു സമര കാഹളം ..
സ്വതന്ത്ര ഭാരതത്തിനായി ഇനിയുമൊരു സ്വാതന്ത്ര്യ സമരം..

സംഗീത വികെ

കഥ
വീഞ്ഞ്

വീഞ്ഞു കലര്‍ന്ന രക്തം
സിരകളിലൂടൊഴുകുന്നതയാളറിഞ്ഞു. വേച്ച കാലുകള്‍ ശ്മശാനത്തിലെ മുന്തിരിവള്ളികളെ ലക്ഷ്യമാക്കി.
വള്ളികള്‍ അയാളെ കെട്ടിപ്പുണര്‍ന്നു.. വല്ലാത്ത ആവേശത്തോടെ അവ അയാളെ വരിഞ്ഞുമുറുക്കി..അതയാളില്‍  നിണപ്പാടുകള്‍ വീഴ്ത്തി. രക്തം ചാലിട്ടൊഴുകി..
അപ്പോഴയാള്‍ കേട്ടു..
നീ എന്റെ സവിധത്തിലണയുക.... അഭൗമമായ മുന്തിരിവള്ളികളിലൂയലാടി  എന്നിലേക്ക്.. എന്നിലേക്ക്..

സജദില്‍ മുജീബ്

                        ഒ.എം.കരുവാരക്കുണ്ട് എഴുതുന്ന ഇശൽ രാമായണത്തിന് ആശംസകൾ നേർന്നു കൊണ്ട് ഹമീദ് ആദൃശേരി കപ്പപ്പാട്ട് ഇശലിലെഴുതിയ മാപ്പിളപ്പാട്ട്!

വരവായി ഭാരതത്തിൻ പ്രിയ കാവ്യം
ഉരയാൻ ഭഗീരഥ യത്നത്തിൽ ഒ.എം.
വൈരത്തിൻ കാലത്തെഴുത്തിൻ്റെ ധർമ്മം
വൈരം പോൽ മിന്നിത്തിളങ്ങുമിക്കർമ്മം

ഏറെ പുകൾ പെറ്റ ശ്രീരാമ കവനം
ഏറെ പണിപ്പെട്ടു ചെയ്യുമീ കഥനം
മാപ്പിളനാട്ടിന്നഭിമാനമാണ്
മാപ്പിളപ്പാട്ടിന്നലങ്കാരമാണ്

ബദ്റും ഉഹ്ദും പിറന്നൊരി ശീലിൽ
ഭരതൻ ഉശിർ ചൊന്ന
വാക്കും ആ ചേലിൽ
തുഞ്ചൻ്റെ ശാരികപ്പൈതലിൻ മൊഴികൾ
മൊഞ്ചുള്ള ഒപ്പനച്ചായലിൻ ഇശലിൽ

ഇശലിൽ കൊരുത്തുള്ള രാമൻ്റെ അയനം
അശകോടെ കേരളം കേൾക്കുന്ന സുദിനം!
അതിനായി കാത്തിരിപ്പുണ്ടേറെ സുമനം
അതിലൂടെ പൊങ്ങട്ടെ മാപ്പിള കവനം!

⁠⁠⁠⁠⁠നവസാഹിതി ..
മികച്ച രചനകൾ ..
സബുന്നിസ ടീച്ചറുടെ വിലയിരുത്തലുകളും മികച്ചത് ...

ഏതാനും ചില ചുവർ ചിത്രങ്ങൾ..
----------------------
കവിത

സലാം കരുവമ്പൊയിൽ
* - * - __x ------

ചുവരിൽ
ഇനി
ആണിയടിക്കരുത്..

ആ കാശത്തിന്റെ ഹൃദയ വാൽവുകൾ,
അന്തിയുറങ്ങുന്നതും

ഭൂമിയുടെ ഉപ്പു ഭരണികൾ അടുക്കി വെച്ചതും
അവിടെയാണ്..

ആകയാൽ,

ഓരോ ചുണ്ടുവിരലിലും
ഓരോ കണ്ണു വീതം  കോർത്തുവെച്ച്

പയ്യെ,
ഏറ്റം മൃദുലമായി

ചുവരുകളെ
ഉപാസിക്കുക..

അപ്പോൾ
നിങ്ങളും
ആകാശം അളന്നെടുത്തവരായി.

ഭുമി യുടെ അവകാശികളും..

ചുവരുകൾ,


വിഹായസ്സിനെ താങ്ങി നിർത്തുക മാത്രമല്ല,

കാതു തുറന്നു വെച്ച്
നമ്മെ
സദാ വേട്ടയാടുകയും ചെയ്യും...