05-08-2017

വരൾച്ചകൾ പൂക്കുന്നിടം



വരൾച്ചകൾ പൂക്കളായ്
വിടരുമ്പോൾ
താഴ്വാരങ്ങളുടെ
ഊഷ്വരമായ മണ്ണിടങ്ങളിൽ
വിയർപ്പു പൊടിയുന്നു .


കാറ്റിനു തീപിടിക്കുന്ന
ഈർപ്പരഹിത സന്ധ്യകളിൽ
ആയിരം
നക്ഷത്രചിരാതുകൾ കൊളുത്തി
ആകാശം
താപസൂക്ഷിപ്പുകളുടെ
ഭാഗംവെയ്പ്പ് നടത്തുന്നു .


കുന്നുകൾ മരമരണങ്ങൾ
കിനാവുകണ്ട്
ഞെട്ടിത്തരിക്കുന്നു .


അഗ്നിയുടെ ചുവന്ന ജിഹ്വാഗ്രങ്ങൾ
പച്ചപ്പുകളുടെ അവശേഷിപ്പുകളിലേയ്ക്ക്
അരിച്ചുകയറുന്നു .


സ്വാസ്ഥ്യത്തിന്റെ
മൃദുലാവരണമണിഞ്ഞ്‌
നിദ്രപൂകേണ്ട നിശാവസ്ഥകളിലും
ചൂടൊരു വിദൂഷകനെപ്പോലെ
രംഗം കൊഴുപ്പിക്കുന്നു .


ഇന്നിന്റെ തൊലികളിലേയ്ക്കും
നിയമാവലികളിലേയ്ക്കും
വരൾച്ച ഒരർബുദമായി
പടർന്നുകയറുന്നു .

സാബു ചോലയില്‍

********
ആസ്വാദനംസജദില്‍ മുജീബ്
(സാബുവിന്റെ കവിത ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഒറ്റവായനയില്‍
ഒതുക്കിത്തീര്‍ക്കാനാവാത്ത അനുഭൂതി പകരുന്നു.
വരള്‍ച്ചകള്‍ പൂക്കളായ് വിടരുന്നത് കാണുന്ന കവിയുടെ മനസെത്ര
നിര്‍മ്മലമാണ്. ഊഷരതയ്ക്ക് മേല്‍ വിയര്‍പ്പുതുള്ളിയായ് അതിജീവിക്കുന്ന
ഊര്‍വ്വരത കവിയുടെ പ്രത്യാശയാണ്.
അടുത്തവരിയില്‍ പ്രപഞ്ചം പിന്നെയും കവിയെ വിസ്മയിപ്പിക്കുന്നു.
ആകാശത്തുകൂടെ മണ്‍ചിരാതൊഴുകുന്ന സുന്ദരദൃശ്യം
വരഞ്ഞിടുന്നു കവി. ഈ വരള്‍ച്ചയില്‍ താപസൂക്ഷിപ്പുകാരായ തീരുന്ന
നക്ഷത്രങ്ങള്‍ ഉയര്‍ന്ന ഭാവനാതലമാണ്..
വരള്‍ച്ചയില്‍ ഒരു മരം കത്തിത്തീരുന്നത് കണ്ട് ഞെട്ടിത്തെറിക്കുന്ന
കുന്നുകള്‍ പ്രകൃതി എത്രമേല്‍ നിസ്വാര്‍ത്‌ഥമെന്നുണര്‍ത്തുന്നു..
അഗ്നിയുടെ നാക്കുകള്‍ നക്കിത്തുടച്ചോടുന്ന കാഴ്ച ഭാവതീവ്രമായ്
പറഞ്ഞു. താപം ഒരു വിദൂഷകനെ പോലെ നിശയെ പോലും
പരിഹസിക്കുന്നു..
ഈ കവിതയുടെ മര്‍മ്മത്തില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന
അസഹിഷ്ണുതയുടേയും സാംസ്കാരിക അധിനിവേശത്തിന്റെയും
പ്രതീകമായ് ചൂട് മാറുന്ന കാഴ്ചയുണ്ട്.
തൊലി വര്‍ണ്ണവ്യവസ്‌ഥയെ കുറിക്കുന്നു.
നിയമാവലിയെ പോലും നിഷ്പ്രഭമാക്കി ഉറഞ്ഞുതുള്ളുന്ന
ആസുരതയുടെ കോമരങ്ങളെ കൃത്യമായ് വെളിപ്പെടുത്തുന്നു കവി.
അത് നാടിന്റെ അര്‍ബുദമെന്ന് ഒാര്‍മ്മപ്പെടുത്തുന്നിടത്ത്
കവി പൂര്‍ണ്ണമായും വിജയിച്ചു..
ഒന്നു രണ്ട് രൂപകങ്ങള്‍ വേണ്ടത്ര ചേരാത്ത പോലെ തോന്നി.
വരള്‍ച്ച പൂക്കളാകുന്നത്, പിന്നെ ചൂടൊരു വിദൂഷകന്‍.
സാബു ചോലയില്‍ എന്ന പ്രിയന്റെ ഉജ്ജ്വല കവനം ആത്മീയ ആകാശങ്ങള്‍
തേടിയലയുന്ന മനോഹര കാഴ്ച അനുഭവവേദ്യമാകുന്നുണ്ട്..
പ്രിയകവീ... അഭിവാദ്യങ്ങള്‍ )

***************************************************************************

അയാൾ കഥ പറയുമ്പോൾ

🎹🎼🥁🎹🎼🥁🎹🎼🥁

      സജീവൻ പ്രദീപ്
🔥🔥🔥🔥🔥🔥🔥🔥
ചോരയൊലിക്കുന്ന കാലുമായി
മുടന്തി, മുടന്തി ചാഞ്ഞു പോകുന്ന
1979 ലെ
ഇന്ത്യൻ സന്ധ്യ,
"കിഴക്കുദിമാന,
പടിഞ്ഞാറസ്തമന,
തെക്ക് തേനാതി,
വടക്ക് മാവേലി,
നക്ഷത്ര വിളക്കായമാകാശത്ത്
ആയിരത്തെട്ട് കതിരഷ്ടബന്ധം ചാവേ "
ടീ മാലോതി,
പായച്ചുരുട്ടെടി.
വിളക്കൂതെടീ.
വാതില് ചാരടീ
വെക്കമിറങ്ങടീ
"സാംബാശൻ മൊരടനക്കി തൊടങ്ങി
പാട്ട് കേട്ടിനോ
പച്ചയുമിരുട്ടും കനത്ത വഴിയിലൂടെ
അവരെവിടേക്കായിരിക്കും?
കൊളത്താപ്പിള്ളി മുത്തപ്പന്റെവിടെ തോറ്റത്തിനെല്ലാതെ വിടേക്ക്?
" മേപ്പോട്ട് നോക്കീട്ട് ഭൂമി
കീഴ്പ്പോട്ട് നോക്കീട്ട് മാനം
നിക്കാനൊരു നിലമില്ലേ
പോവനൊരു വഴിയില്ലേ..."
"കഥയാരംഭിക്കുകയാണ്
സംക്രാന്തി "
തൊണ്ടയിൽ നിന്ന് പുക ചുരുളുകൾ പോലെ ശബ്ദമുയർന്ന് വരുന്നു.
വി, സാംബശിവൻ കഥ പറയുകയാണ്
ഒരു ഗ്രാമം കഥയിലേക്ക് ആഴ്ന്ന് പോവുകയാണ്
ഓർമ്മയുടെ "ന്യൂറോണുകൾ '
വാക്കിന്റെ,.
തബലയുടെ,
ഹാർമോണിയത്തിന്റെ, ഓടക്കുഴലിന്റെ,
ആരോഹണവരോഹണങ്ങളിലേക്ക്
ഇല പോലെ കൊഴിഞ്ഞ് വീഴുകയാണ്,
തറയ്ക്കൽ താലപ്പൊലി
"കരിമുണ്ട് മാറിയന്നവരുടെയമ്മച്ചി
കരവെച്ചകോടിയുടുക്കും പോലും "
നല്ലൊരു സന്ധ്യാ സമയം പശ്ചിമ ചക്രവാളത്തിൽ ചന്ദ്രലേഖ പ്രത്യക്ഷപ്പെട്ടു
ചില നക്ഷത്രങ്ങൾ കണ്ണ് ചിമ്മി തുടങ്ങി,
സാംബശിവൻ പറയുകയാണ്
ഒരു സമൂഹം
മണ്ണെണ്ണ വിളക്ക് മുനിഞ്ഞ് കത്തുന്ന
മനസ്സുകളെ
ഉറക്കമൊഴിക്കാൻ പഠിപ്പിക്കുകയാണ്
' കൺകവരുന്നൊരു പച്ച തുരുത്തിന്റെ
കൺമണിയാണവൾ റാണി
തിരുനെല്ലൂരിന്റെ
'റാണി "

1938 ജർമ്മനിയിൽ ബർലിൻ യൂണിവേഴ്സിറ്റിക്കടുത്ത്
വിദ്യാർത്ഥികൾ താമസിക്കുന്ന
ലോഡ്ജിൽ,
അർദ്ധരാത്രിയിൽ
ഒരു സുന്ദരനായ ചെറുപ്പക്കാരനെത്തുന്നു.
സൂര്യആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ
വാർഷികാഘോഷ മൈതാനം
ആ രാത്രി,
" ജെന്നിക്കൊപ്പം കരയുന്നു
കാറൽ മാക്സിനോടൊപ്പം സഞ്ചരിക്കുന്നു

പൂവ്വശ്ശേരിക്കാവിലമ്മയുടെ വേല
" മറക്കുമോ നിങ്ങളന്റെ
ആയിഷയെ,
മറന്നില്ല, മറന്നില്ല, ഞങ്ങൾ
മറക്കില്ല, മറക്കില്ല, മറക്കില്ല ഞാനും
ആയിഷ
അന്തരീക്ഷത്തിലൂടെ പാറി നടന്നു
മേരിയും, സുഗുണൻ ചേട്ടനും
ഒരു പായത്തലക്കിലിരുന്നു
ഞങ്ങളുടെ
നാടിന്റെ വിഖ്യാതമായ ഒളിച്ചോട്ടത്തിന്റെ
രൂപരേഖ തയ്യാറാക്കി,
ആയിഷ,
ദേവിക്കൊരലോസരമായില്ല
വേലക്കൊരു മാറ്റും കുറച്ചില്ല
മതമോ,
വേലിയോ, കാവിലൊരലമ്പും ഉണ്ടാക്കിയില്ല
'' കാറ്റുവന്നന്റെ കതകിൽ തള്ളുമ്പോളോർക്കും ഞാനന്റെ മാരനെ
മാരനെ, വീരനെ അമ്പുറ്റ മണി മാരനെ

കോളനി കലാപങ്ങളും,
കൊടിമര യുദ്ധങ്ങളും,
പഞ്ചായത്ത് തിരഞ്ഞെടുപ്പും കഴിഞ്ഞ
പ്രക്ഷുബന്ധ കാലത്തിന്റെ ഓണം
ഗ്രാമീണ വായനശാലയുടെ മുറ്റത്ത്.
"ഏഴു നിമിഷങ്ങൾ
ഏഴു നിർവൃതി നിമിഷങ്ങൾ
ഇണകളിണങ്ങും വികാരമൂർച്ചയിലുണരും
നിർവൃതി നിമിഷങ്ങൾ
അതി വിശുദ്ധ നിമിഷങ്ങൾ
രതിമൂർച്ചാ നിമിഷങ്ങൾ.''
വഴക്കുകളഴിഞ്ഞു പോയ മനുഷ്യർ
അമേരിക്കൻ നഗരത്തിലേക്ക്
വിനോദയാത്ര പോയി
മറ്റെല്ലാം മാറ്റി വെച്ചവർ പിറ്റേന്ന്
ഏഴു രാത്രികളെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു

വെള്ളിലംകുന്ന് ഷഷ്ഠി.
"വ്യാസന്റെ തങ്ക കിനാക്കൾ,
മാർക്സിന്റെ ധീര സ്വപ്നങ്ങൾ
ഈ മണ്ണിൽ കതിരണിയുന്നു
സത്യത്തിന്റെ തേരണിയുന്നു
ചക്രവാളം ചുവന്നു
പൂർവ്വ ചക്രവാളം ചുവന്നു.
വി, സാംബശിവൻ
ഞങ്ങളുടെ നാടിന്റെ സ്വപ്നങ്ങളിലേക്ക്,
വർത്തമാനങ്ങളിലേക്ക്,
ജീവിതത്തിലേക്ക്....
ശബ്ദം കൊണ്ട് തുറന്ന ജാലകങ്ങൾ,
ഞങ്ങളെ
കൊണ്ട് പോയിരുന്ന ലോകങ്ങൾ....
ക്ലീയോ പാട്ര,
അനീസ്യ,
വിലക്ക് വാങ്ങാം,
പ്രേമശില്പി,
കഥാപ്രസംഗങ്ങൾ ഒന്നും വെറും കഥകളായിരുന്നില്ല
അഥവാ
വി സാംബശിവൻ കഥപറയുന്നേയുണ്ടായില്ല
അത്
ഹൃദയം ഹൃദയങ്ങളോട് പറഞ്ഞ
വർത്തമാനങ്ങളായിരുന്നു,
കവിതയിലേക്കും.
കഥയിലേക്കും,
നോവലിലേക്കും....
നിവർത്തി വെച്ച മേഘങ്ങളുടെ തൂക്കുപാലങ്ങളായിരുന്നു.
'ശബ്ദത്തിന്റെ പേരാളി''
പരിപൂർണ്ണ കല.
കഥാപ്രസംഗങ്ങൾ കൊല്ലപ്പെട്ട തെങ്ങിനെയാണ്,
ഉത്സവങ്ങളും,
ആഘോഷങ്ങളും...
ഒഴിഞ്ഞ മടിശീലകളായി
മടങ്ങി പോയതെന്തുകൊണ്ടായിരിക്കും?
******************************************************************************

നനവറകളിലേക്ക്
ചൂഴ്ന്നിറങ്ങാനുള്ള
കഥകൾ കൊണ്ടാണ്
നിങ്ങളെന്റെ
വേരുകൾ കൊണ്ട്
നിങ്ങളുറപ്പിച്ച മണ്ണിലേക്കെന്നെ
ഉറപ്പിച്ചു വെച്ചതെന്ന്
ഒരവജ്ഞയെത്തുപ്പി
ഒരു മരം
വേരു പറിച്ച്
വടിച്ചിലവിയർപ്പിറ്റിച്ച്
കൈക്കൊമ്പു വീശി
പുഴയുറവിലേക്ക്
നടന്നു പോകുന്നു ...

ഒരു തുറസ്സ്
ചില്ലക്കൈവിരൽ കോർത്ത്
കൂടെയിറങ്ങുന്നു ..

വഴി നീളെ
പൂമണം വിതറിയിടുന്നു ..

വേരില്ലാ മരങ്ങളുടെ
വിത്തു പഴങ്ങൾ
കുടഞ്ഞിടുന്നു ..

കൊമ്പു ചിറകാവുന്നു -
ഇലകൾ തൂവലും ..

ഒരു മരം
അറിവിലേക്ക്
പറന്നു നിറയുന്നു ....

വേവിൽ കിളിർത്ത
ഒരായിരം കിളി മരങ്ങൾ
ചിറകടിക്കുമ്പോൾ
താഴെ,
ശവപ്പറമ്പിൽ
പ്രവാചകരുടെ
എണ്ണമില്ലാക്കല്ലറകൾ
വേരുകളാഴ്ത്തി
നനവില്ലാപ്പാറകളെ
ചേർത്തു പിടിക്കുന്നു ...!

കഴുത്തറുക്കപ്പെട്ട
ഒരു മരക്കിളിയെന്ന്
ഞാൻ നിന്നെയോ
നീ എന്നെയോ
തിരിച്ചറിയുന്നു... !

..........
(കിളിമരങ്ങൾ - ലാജു 2017 )
****************************************************************************
സ്വർത്ഥതതയുടെ ഇടുങ്ങിയ അറകളെ അവജ്ഞയോടെ ഉപേക്ഷിച്ച് വിശാലതയുടെ നനവിടങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് കിളിമരങ്ങളുടെ വേരുകള് .ഉയിര് നഷ്ടപ്പെട്ട പൗരോഹിത്യം യുഗപുരുഷന്മാരുടെ പിന്തുടർച്ചാവകാശം വാദിക്കുമ്പോൾ സമകാലികം പേരുകളില് മാത്രം വേരുകള് തിരയുന്നത് ആശങ്കയുളവാക്കുന്നു .ഇനിയും ആഴങ്ങളിൽ ഇറങ്ങിയുള്ള വായന അർഹിക്കുന്നുണ്ട് ഈ കവിത .. കവിക്ക് സ്നേഹാദരവുകൾ 🌹🌹🌹
****************************************************************************

പറിച്ചെറിയുമെന്നറിഞ്ഞിട്ടും
പരുപരുത്ത ചില്ലകളിൽ
വേരുകളാഴ്ത്തിയത്
അതിജീവനത്തിന്റെ
നീരു പകർന്ന്
പൂക്കളെ പെറ്റിടാനായിരുന്നു ...

(സൈനബ് ,ചാവക്കാട്)

 ആർദ്രതയുടെ നീരിടങ്ങൾ
**സൈനബ്ടീച്ചറിൻറ കവിതയിലൂടൊരു യാത്ര

(അനുജി കെ ഭാസി )
ഇത്തിൾക്കണ്ണി അവശേഷിപ്പിക്കുന്നത്
വൃക്ഷമൗനംതന്നെയാണ്.അക്ഷരത്തെരുക്കൂട്ടലുകളുടെ പച്ചനിറത്തിലേക്ക് വർണംമാറി പൂവ്ജനിക്കുന്നകാഴ്ച;അവിടെ മാതൃഹൃദയത്തിൻറ നേരിടമുണ്ട്.
ഇത്തിൾക്കണ്ണി എന്ന കവിതയിലൂടെ 'ആണിസ'ത്തിൻറ മസ്തകത്തിനുമേലെയുളള ആദ്യ ആണിയാണ്.
മുറിവ്,തിരുമുറിവാക്കാൻ ഈ ലോകത്ത് അമ്മയ്ക്ക് മാത്രമേ കഴിയൂ ബാക്കിയെല്ലാം
മുറിപ്പാട്തന്നെയാണ്.(വിയോജിക്കാം)
അതിജീവനമൊരു ഉൽക്കാതാപനമാണ്.
ലാവപോലൊഴുകുന്ന ശൈലഹൃദയരക്തം.അതിലൂടെ തീകായുന്ന വന്യസംക്രമണങ്ങളെ പടുമരമായും പരുപരുത്ത പ്രതലമായും പാഠ്യാന്തരം
സന്നിവേശിപ്പിക്കുന്നു കവി.നൂറെഴുത്തിലും പേരെഴുത്തിനും മധ്യേ
നാലുവരികൾകൊണ്ടൊരു കൊട്ടിക്കലാശമാണ്
ഇത്തിൾക്കണ്ണി.
പെറ്റിട്ടത് ഉൾജീവനത്തിൻറ ഊർജം ആവാഹിച്ചാണ്
എന്നാൽ തലമുറയുടെ
മുലകുടിക്കാകുമ്പോൾ
ഇത്തിൾക്കണ്ണിയുടെ സാമ്രാജ്യം വൃക്ഷത്തോളം വലുതാകുന്നു.പച്ചപ്പുലയുന്ന സാഗത്യങ്ങളിൽ
ഭാവനയ്ക്ക് കൽക്കരിയുടെ ഗതിവേഗതയാണ്!
പറിച്ചെറിയപ്പെടുന്ന അബലമായ തണ്ടുകളുടെ നോവിൽ
അമ്മയെന്ന സങ്കൽപ്പം
തുടിക്കുന്നിടത്ത് കവിത
പൂർണമാകുന്നു.
പരജീവനത്തിലൂടെ നിറവും നിണവും പാകപ്പെടുത്തുന്ന ഇത്തിൾക്കണ്ണിയുടെ അവസാന വരികൾക്ക്
പറഞ്ഞുതീർക്കാനാവാത്ത ശക്തിയുണ്ട്.
ടീച്ചറിന് ആശംസകൾ!