12-08-2017

നവസാഹിതി





സഹൃദയരെ..
 നവസാഹിതിയിലേക്ക് സ്വാഗതം ..🙏🙏

പ്രകൃതിയുടെ വരദാനമായി കിട്ടിയ സർഗ്ഗ ചേതനക ളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിലും വരും കാലങ്ങൾക്കും നമ്മെ അടയാളപ്പെടുത്തുന്ന വേദിയാവട്ടെ ഇത് എന്ന് ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു ,,
💐💐💐💐💐

സൈനബ്, ചാവക്കാട് ..

********************************



മേഘപ്പെയ്ത്ത്

നട്ടുച്ചയിൽ
കരിഞ്ഞുണങ്ങി
വിട ചൊല്ലിയ
പനിനീർപ്പൂവിന്റെ
ശവയാത്രക്ക്
തണൽ വിരിച്ചും
കുഴിമാടത്തിലേ -
ക്കെടുത്തു വെക്കവേ
കണ്ണീർ പൊഴിച്ചും
ദു:ഖാർത്തയായ്
വിദൂരക്കണ്ണുകൾ


ആരിഫ് തണലോട്ട്
********************************


ചാഞ്ഞ മരങ്ങൾ 

ഓടിക്കയറലുകളുടെ
പരിഭവങ്ങളില്ല ...
ഇലകളും പൂക്കളും കായ്കളും
പെറ്റിട്ടതിന്റെ,
ഊട്ടിയതിന്റെ
ചാരിതാർത്ഥ്യഭാവമുണ്ട് ..

ഉച്ഛ്വാസങ്ങളുടെ
പുറം തള്ളലുകൾക്ക്
നിസ്സഹായതകളുടെ
താപമുണ്ട് ...

ചുരുണ്ട് നീരൊഴിഞ്ഞതെങ്കിലും
ആഞ്ഞു വെട്ടുമ്പോൾ ഒന്നു പിടയും ...

അകക്കാമ്പുകളിലെ
നീരുകൊണ്ട്
മുറിവുണക്കാൻ
പാടുപെടും

എങ്കിലും
പരിഭവമില്ല
ഓടിക്കയറലുകളുടെ
ചവിട്ടേൽക്കുമ്പോൾ ...⁠⁠⁠⁠

(സൈനബ് ചാവക്കാട്)

********************************


കാട്ടുവിശേഷം

കാട്ടിലന്ന്
സ്വാതന്ത്ര്യദിനമായിരുന്നു
എല്ലാ ചെടികളും
ഓരോ ഇല വീതം പൊഴിച്ച്
ദേശീയമുറിവിന്റെ
പതാക കെട്ടിത്തൂക്കി..
ദേശീയപ്പട്ടം ലഭിച്ച
പക്ഷിമൃഗാദികൾ
കാലത്തേ കുളിച്ചൊരുങ്ങി
ദേശീയഗാനം പാടിത്തുടങ്ങി ....
ഉറുമ്പുകളുടെ
മാർച്ച് പാസ്റ്റ് കഴിഞ്ഞു
സിംഹരാജാക്കന്മാർ
അഹിംസയെപ്പറ്റി പ്രസംഗിച്ചു
കടുവകൾ
മുയൽക്കുഞ്ഞുങ്ങൾക്ക്
മധുരം കൊടുത്തു
പെരുമ്പാമ്പുകൾ
അത്യാഗ്രഹം വിട്ട്
സത്യാഗ്രഹികളായി...
തിരഞ്ഞെടുക്കപ്പെട്ട
വവ്വാലുകളെ 
ഇനി
തിരിഞ്ഞു നിൽക്കില്ലെന്ന
ഉറപ്പിന്മേൽ
ജയിൽ മോചിപ്പിച്ചു...
എല്ലാവരും
പുഴത്തീരത്തേക്കു ചെന്നു
ഒഴുകുന്ന
ചോരയിൽ മുങ്ങി
ഭൂതകാലത്തിന്റെ
കറ കഴുകി....
നിർദോഷികളായ
കഴുതകൾ മാത്രം
ഇതൊന്നും
ശ്രദ്ധിക്കാതെ
പുല്ലു തിന്നു കൊണ്ടിരുന്നു
ബുദ്ധിശൂന്യതയുടെ
സ്വാതന്ത്ര്യപ്പച്ചയ്ക്ക്
എന്തൊരു സ്വാദെന്ന
ഊറിച്ചിരിയുമായി...!

ശ്രീനിവാസൻ തൂണേരി

********************************


ചിയേഴ്സ്

സ്വർഗ്ഗ നരകങ്ങൾക്കിടയിലെ
തൂക്കുപാലത്തിലിരുന്ന്
മദ്യപിക്കുകയായിരുന്നു
മൂന്ന് ആത്മാക്കൾ.

"ടച്ചിംഗ്സില്ലേ".
തിരക്കിട്ടുപോവുകയായിരുന്ന ദൈവം
സഡൺ ബ്രേക്കിട്ടു.

"സിനിമ
കവിത
നാടകം".

"സബാഷ്."

"പേര്..?"

"ജോൺ
അയ്യപ്പൻ
..........."
"ഓ...
മതിമതി
മൂന്നാമൻ
മൊഴിയാട്ടക്കാരൻ
അല്ലേ..?"

"അതെ."

"നല്ല ചങ്ങാതിമാർ.
ഏതാ ബ്രാൻറ്..?"

"റം"

കാലിയായ കുപ്പിയെടുത്ത്
ആകാശത്തേക്കുയർത്തി
ഒരു മാന്ത്രികനെപ്പോലെ
ചന്തമുള്ള ചില്ലുഗ്ലാസുകളിലേക്ക്
കമഴ്ത്തി  ദൈവം.

"ചിയേഴ്സ്".

ദൈവം
ദൈവത്തിന്റെ വഴിക്ക്
യാത്രയായി.

സ്വർഗ്ഗത്തിലേക്കാനയിക്കപ്പെട്ട
ആത്മാക്കൾ
നരകമാണിഷ്ടമെന്ന്
നാലുദിക്കും
കുതറിത്തെറിച്ചുകൊണ്ടിരുന്നു.

രമണൻ ഞാങ്ങാട്ടിരി.

********************************


തിരിച്ച് പോക്ക്


വാപ്പച്ചിയുടെ ഖബറിന് മുകളിലെ നനഞ്ഞ മണ്ണിൽ മൈലാഞ്ചിച്ചെടിയുടെ കൊമ്പ് ആഴ്ത്തിയിറക്കുമ്പോൾ ബഷീർ  അത് വരെ അടക്കി വെച്ച കണ്ണീ നീരിൽ നിന്ന് ഏതാനും തുള്ളികൾ  ഖബറിന്  മുകളിലേക്ക് ഇറ്റി വീണു..........

അപ്പോൾ.........                        
എല്ലായ്പോഴുമെന്ന പോലെ വാപ്പച്ചി  തന്നെ ചേർത്ത് പിടിക്കുന്നതായി അവന് തോന്നി....


" ഇയ്യെന്തിനാ  ബഷീറേ കരയണത്........? ഈ ദുന്ന്യാവില്  നമ്മളൊക്കെ വെറും വിരുന്ന് കാരനല്ലേ.......... 
 ഏത് വമ്പനായാലും  ഇവ്ട്ന്നൊരു  തിരിച്ച്  പോക്ക്  നിർബന്ധല്ലേടാ..........? 
പിന്നെ  വാപ്പച്ചി പോണത്   അന്റു മ്മച്ചീന്റടുത്ത് ക്കല്ലേ...?
എത്ര കാലായ് ഉമ്മച്ചി കാത്തിരിക്ക്ണ്........?


ഉമ്മച്ചിയെ കുറിച്ച് പറയുമ്പോൾ ആ മുഖത്ത് നിലാവുദിക്ക്ണത് ബഷീർ ഒരിക്കൽ കൂടിമനസ്സിൽ കണ്ടു......

ഈ ഒരു ദിവസത്തിന് വേണ്ടി വാപ്പച്ചി കൊറേ കാലായിട്ട് ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്........
നിസ്സാരമായി വന്ന ഒരു പനിക്ക്  വാപ്പച്ചിയും  ഞാനും  നിർബന്ധിച്ച്  ഹോസ്പിറ്റലിൽ കൊണ്ട് പോയ  ഉമ്മച്ചിയെ  പിറ്റേന്ന്  മയ്യത്ത് കട്ടിലിൽ  പള്ളിക്കാട്ടിലേക്ക്  എടുക്കേണ്ടി വന്നപ്പോഴായിരിക്കും  വാപ്പച്ചി  ജീവിതത്തിലാദ്യമായി  തോറ്റ് പോയത്....

ഏത് പ്രതിസന്ധിയേയും ചങ്കുറപ്പോടെ നേരിട്ട വാപ്പച്ചി ഉമ്മച്ചിയെ  അടക്കം ചെയ്ത് വീട്ടിലെത്തിയപ്പോൾ  " ഉമ്മ മ്മാനെ എങ്ങട്ടാ കൊണ്ട് പോത് ഉപ്പപ്പാ "  എന്ന എന്റെ  റിസുമോന്റെ ചോദ്യത്തിന് മുന്നിൽ തളരുന്നതും  " ഉമ്മമ്മ  നമ്മളെ കൂട്ടാണ്ട്  സ്വർഗത്തീ പോയട കുഞ്ഞോനേ....... "ന്ന് പറഞ്ഞ് ചങ്ക് പൊട്ടിക്കരഞ്ഞതും  മറക്കാനാവാതെ  ഇന്നും ഓർമ്മകളിൽ  കത്തിനിൽക്കുന്നുണ്ട് ........

ദിവസങ്ങൾ കഴിയുന്തോറും വാപ്പച്ചി  കൂടുതൽ  കൂടുതൽ മൗനിയായി..........
അധിക സമയവും നമസ്കാരത്തിലും ഖുർആൻ  പാരായണത്തിലും മുഴുകി   മരണത്തെ    വുളു വെടുത്ത് കാത്തിരുന്നു വാപ്പച്ചി......

പറമ്പിലെ പണിക്കാർ   ഇടക്കിടെ സംശയങ്ങളുമായ് വരാൻ തുടങ്ങിയപ്പോൾ വാപ്പച്ചി എന്നെ അടുത്ത് വിളിച്ചു 
 " ബഷീറേ..... അഞ്ചെട്ടേക്കർ  പൊന്ന് വിളയ്ണ  മണ്ണാ അത്...... 
 അന്റെ  ബിസിനസ്സിന്റെ എടേല്  കൃഷി ചെയ്യാൻ  അനക്ക് ഒഴിവുണ്ടാവൂലാന്ന്  അറിയാം...... 
പക്ഷേ  ഉമ്മച്ചിക്ക്  വല്ല്യ ഇഷ്ടായിന് ആ വളപ്പും  അതിലെ കൃഷിം..........
 അത് കൊണ്ട്  പണിക്കാരെ വെച്ച് അത്  മുന്നോട്ട്  കൊണ്ടോവണം......

വാപ്പച്ചിക്ക് ഇടയ്ക്ക്  വളപ്പിലൊക്കെ ഒന്ന് പൊയ്ക്കൂടേ..........? 
പഴയ പോലെ പണിയൊന്നും എടുക്കണ്ട  പണിക്കാരോട്  തമാശകൾ പറഞ്ഞുo  ഇടക്ക് കയർത്തും വാഴക്കൂമ്പുകളിൽ തലോടിയും എനിക്കാ പഴയ വാപ്പച്ചീനെ   ഒന്നൂടെ കാണണo...............
ഇവിടെ ഈ റൂമിനകത്ത് നിങ്ങള് അടഞ്ഞിരിക്കണത് കാണുമ്പോ എന്റെ ചങ്ക് തകര്ണ് ണ്ട് വാപ്പച്ചീ.......

ഏറെ നേരത്തെ മൗനത്തിനു ശേഷം തേങ്ങലടക്കി ചിരി വരുത്തി അദ്ദേഹം പറഞ്ഞു  "ബഷീറേ........ പുരുഷന്റെ  എല്ലാ  നെട്ടുർമകളും അവന്റെ  കെട്ട്യ പെണ്ണിന്റെ  ബലത്തിലാ....... എടയ്ക്ക്  വെച്ച്  തനിച്ചാക്കി  ഓള് പോയാപ്പിന്നെ കയിഞ്ഞു  ആണിന്റെ കര്ത്ത്..............  "  തളർന്ന് ഇടറിയ വാക്കുകൾക്ക് മുന്നിൽ ബഷീർ മൗനിയായി.....

"വാപ്പച്ചിക്ക് വല്യ രോഗങ്ങളൊന്നൂല്ല .  എമ്പാടുംസ്വത്തൂണ്ട്   ഇയ്യും കൂടി സമ്മതിക്ക്യാണങ്കി ഞമ്മക്ക്  വാപ്പച്ചിയെ കൊണ്ട് ഒരു പെണ്ണ് കെട്ടിച്ചാലെന്താ........." ?
ഹൈദർ ഹാജി അങ്ങിനെ പെട്ടെന്ന് ചോദിച്ചപ്പോൾ ഉത്തരം മുട്ടിപ്പോയി.....
സ്നേഹനിധിയായ ഉമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാൾ............... അംഗീകരിക്കാൻ  മനസ്സിന് കഴിയുന്നില്ലെങ്കിലും  പഴയ  ആ ചുറുചുറുക്കുള്ള വാപ്പച്ചിയെ  തിരിച്ച് കിട്ടിയെങ്കിലോ  എന്നോർത്ത്   ഹൈദറാജിയോട്  സമ്മതം മൂളി...

പിറ്റേന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോൾ വാപ്പച്ചി അൽപ്പം ഉച്ചത്തിലും പഴയ ഗൗരവത്തിലും എന്നെ വിളിച്ചു.
" ബഷീറേ..... "
വാപ്പച്ചി കട്ടിലിലിരുന്ന് കിതക്കുകയാണ്.....
കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു  
" എന്തു പറ്റി......?"
കിതപ്പു മാറി തുടങ്ങിയപ്പോൾ  ശാന്തത വരുത്തി അദ്ധേഹം പറഞ്ഞ് തുടങ്ങി  

 "ഇന്ന് ഉച്ചക്ക് ഹൈദറാജി വന്നീന്...... ഇന്നെ പെണ്ണ് കെട്ടിക്കാൻ...........
ഇയ്യും കൂടി അറിഞ്ഞിട്ടാണോ ഈ  പരിപാടീന്ന് ഇക്കറീല്ല. ആണേലും  അല്ലേലും  വാപ്പച്ചീന്റെ  കുട്ടി  ഒരു കാര്യം മനസ്സിലാക്കണം
ഇതാ..... നോക്ക്..... ഈ  നെഞ്ചിന്റെ  ഉള്ളിലാ  അന്റെ ഉമ്മച്ചീനെ  ഞാൻ മറമാടിക്ക്ണത്..............
ഉമ്മച്ചീന്റെ ചൂടും ചൂരും കൊണ്ടാ  ഞാനിന്നലേം  ഒറങ്ങീത്..........
അത്  ഇന്റെ മരണം വരീം അങ്ങനതന്നേയിരിക്കണം.............................
അതില്ലാണ്ടായാ  അന്ന്  ഈ  വാപ്പച്ചി  മയ്യത്താ.........................
നാളെ  ഉമ്മച്ചീന്റെ കയ്യ് പിടിച്ചിട്ട് വേണം  ഇക്ക് ജന്നാത്തുൽ  ഫിർദൗസില് കേറിചെല്ലാൻ...................
അയിന്റെ എടേല് വേറൊരുത്തീനെ  എടപെടീക്കര്ത്  മോനേ............

ഒരു കുഞ്ഞു പൈതലിനെപ്പോലെ വിതുമ്പിക്കരഞ്ഞ് അന്ന് വാപ്പച്ചി  എന്നെ കെട്ടിപിടിച്ച നേരം  സങ്കടം കൊണ്ട് മറുത്തൊന്നും പറയാനാവാതെ ഞാനും ഏറെ നേരം കരഞ്ഞു ..........

കഴിഞ് പോകുന്ന ഓരോ ദിവസത്തിലുo ഒരു വർഷത്തിന്റെ വാർദ്ധക്യം വാപ്പച്ചിയിൽ പ്രകടമായി...........
അസുഖങ്ങൾ വരുമ്പോൾ മരണമെത്തിയെന്ന തോന്നലിൽ വാപ്പച്ചി  കുളിച്ചൊ രുങ്ങി കാത്തിരുന്നു.........

ഉമ്മച്ചിക്ക് വന്ന പോലെ ഒരു നേർത്ത പനിയുമായിട്ടായിരുന്നു  വാപ്പച്ചി കാത്തിരുന്ന മരണമെത്തിയത്........
കട്ടിയുള്ള പുതപ്പിനുള്ളിൽ വാപ്പച്ചി കിടന്ന് ഞരങ്ങി..........
"നമുക്കൊന്ന് പോയി ഡോക്ടറെ കാണാ" മെന്ന് നിർബന്ധിച്ചപ്പോഴൊക്കെ വാപ്പച്ചി എതിർത്തു.............

"ഈ ദുന്യാവില് ഏത് ഡോക്ടറ് ചികിത്സിച്ചാലും  തിരിച്ച് പോകാനുള്ള  സമയത്തെ മാറ്റിഎയ്താൻ കയ്യൂല മോനേ ...... ദുനിയാവിനോട്  ആർത്തി മൂക്കുമ്പളാ  മന്സമ്മാര്  മരുന്നും മന്ത്രം  അന്യോഷിച്ച് ഓട്ണത്. 
സുബർക്കത്തീന്ന് അന്റ ഉമ്മച്ചി മാടി വിളിച്ചാ  വാപ്പച്ചിക്ക്  എങ്ങനേ ഇവടെ കെടക്കാൻ  പൂതി  വര്വബഷീറേ.........

പുലർക്കാലത്ത് പനി കൂടുതലായി........
 വാപ്പച്ചിയുടെ തല      മടിയിൽ വെച്ച് പൊള്ളുന്ന നെറ്റിയിൽ  നനഞ്ഞ തുണിയിട്ട് തുടച്ച് കൊണ്ടിരിക്കേ വെള്ളത്തിന് നേരെ വിരൽ ചൂണ്ടി............    
സാബിറ കോരി കൊടുത്ത വെള്ളം ആർത്തിയോടെ കുടിച്ചു....... പിന്നെ അത് കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി......... കണ്ണുകൾ  മുകളിലേക്ക് നോക്കി  ഒരു നേർത്ത പുഞ്ചിരിയിൽ വാപ്പച്ചി  പതുക്കെ മന്ത്രിച്ചു
"അശ്ഹദു അൻ ലാ ഇലാഹ..... ഇല്ലള്ളാഹ് ..... വ അശ്ഹ.................................................."
വാപ്പച്ചിയുടെ   കണ്ണുകളടയുന്നതും  ശ്വാസം നിലക്കുന്നതും ഞാൻ വേദനയോടെ കണ്ടു നിന്നു ...................

" ബഷീറേ....... എല്ലാരും പോയി  നീ മാത്രം ഖബറുകൾക്കിടയിൽ  ഒറ്റക്ക്..........
 നിനക്ക് വീട്ടിൽ പോണ്ടേ ?? "
കൂട്ടുകാരൻ റഫീക്കിന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്


"പോണം റഫീക്കേ........ പോയിട്ട് എന്റെ  വാപ്പച്ചി കിടന്ന റൂമിൽ......... ചാര്കസേരയിൽ........... കട്ടിലിൽ.............
വാപ്പച്ചീടെ സുഖമുള്ള മണമാസ്വദിച്ച്..........
നാളെ പുലരും വരെ ഉറങ്ങാതെ കിടക്കണ മെനിക്ക്.............. 
ഒരു ഭ്രാന്തനെപ്പോലെ ബഷീർ തിരക്കിട്ട് വീട്ടിലേക്കോടി................................................

യൂസഫ് വളയത്ത് (9072 34 34 34)

********************************

ഇതൊരപേക്ഷയാണ്..!
============
അഗ്നിതേടി നിങ്ങൾ 
അലയരുത്...!

ഞങ്ങളുടെ വിശന്ന് പുകയുന്ന 
വയറുകൾക്ക് പ്രതീക്ഷയുടെ മീതെ
മഴ മേഘങ്ങളില്ല..!

നിങ്ങളുടെ വിജയങ്ങൾ എന്നും ഞങ്ങളുടെ 
സ്വപ്നങ്ങൾക്ക് മീതെ  ചതികുഴികളൊരുക്കുമ്പോൾ
ഞങ്ങൾ പരാജിതരുടെ
ഭാഷ തേടുന്നു..!

വിലപേശലുകളുടെ
സ്വാതന്ത്രം വിലയ്ക്ക് വാങ്ങി,കലണ്ടറിലെ അക്കങ്ങളിലെ
ചുവപ്പ് കൂട്ടരുത്..!

ഒരു മഷിതണ്ടുകൊണ്ട്
മായുന്ന പ്രതീക്ഷകളെ
ഇനിയും വെളിച്ചം തേടുന്ന
ഇൗയലുകളുടെ ആത്മാവിലിട്ട്
ചുവപ്പിക്കരുത്...!

ഇതൊരപേക്ഷയാണ്...!

                           ചന്തു-

********************************
നവ സാഹിതി യിൽ സഹകരിച്ച (എന്റെ അഭാവത്തിൽ സജീവമാക്കിയവർക്ക് പ്രത്യേകമായി) എല്ലാവർക്കും ഹൃദ്യമായ നന്ദി ... സ്നേഹം ..💐💐💐💐🌹🌹🌹🌹🌹🙏🙏🙏🙏


********************************
********************************
അഭിപ്രായങ്ങള്‍

ചാഞ്ഞ മരങ്ങൾ !
 ആറ്റിക്കുറുക്കിയെടുത്ത ഉദാത്ത സൃഷടി.

പ്രകൃതിയും മാതൃത്വവും ഇവിടെ ഒന്നാവുന്ന അനുഭവം

 ...ചാഞ്ഞ മരങ്ങളായ ഓരോ അമ്മമാരുടെയും കാൽക്കൽ സമർപ്പിക്കാവുന്ന കവിത...

നിർദോ ഷികളായ കഴുതകൾ... പൊതുജനം തന്നെയല്ലേ അത്

ചാഞ്ഞ മരത്തിൽ അലസം ചാരിയിരുന്നൊരമ്മ

കണ്ണീർപ്പുഞ്ചിരി പൊഴിക്കുന്നു!

നാട്ടുവിശേഷത്തിലെ ബിംബങ്ങളൊക്കെ പച്ച സത്യങ്ങളായിപ്പോയി

ഇതോ കവിതയുടെ വഴി

ഒന്നു നുണയാക്കി എങ്കിലും പറയണ്ടേ( കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ )

ചിയേഴ്സ് പറയുന്ന ദൈവം...🙂  ജോണും അയ്യപ്പനും കൂട്ട്.... കേമമായി...