03-08-2017

🙏🏽ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നാപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽


ലോകചരിത്രത്തിൽ ഇടം പിടിച്ച ഒരു സവിശേഷ നിമിഷം ഒപ്പിയെടുത്ത ചിത്രമാണ് ഇന്ന്.


ജോൺ ടി. ഡാനിയൽസ് ആണ് ഫോട്ടോഗ്രാഫർ.


1903 ഡിസംബർ 17ന് നടന്ന ചരിത്ര മുഹൂർത്തം ഏതെന്ന് ആർക്കെങ്കിലും ഓർമയുണ്ടോ?


നോർത്ത് കരോലിനയിലെ കിറ്റി ഹാക്കിലായിരുന്നു സംഭവം നടന്നത് ...


ജോൺ പകർത്തിയ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം അതാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?


ആ ഒറ്റച്ചിത്രം ഇപ്പോഴും ലോകമെമ്പാടും പല പുസ്തകങ്ങളിലുമായി ചിറകുവിരിച്ച് പറന്നു നടക്കുന്നു...


ഇതാണ് ഞാൻ പറഞ്ഞ ജോൺ ടി.ഡാനിയൽസ്. അദ്ദേഹത്തിന്റെ വെങ്കലപ്രതിമ അന്ന് ഫോട്ടോയെടുത്ത സ്ഥലത്തു തന്നെ സ്ഥാപിച്ചിട്ടുണ്ട്.


ഇനിയും സംഗതി എന്താണെന്നു മനസ്സിലാകാത്തവർ ജോണിന്റെ വിഖ്യാത ചിത്രം ഒന്നു കണ്ടു നോക്കൂ...


1903 ഡിസംബർ 17ന് എടുത്ത ചിത്രത്തെക്കുറിച്ച് 113 വർഷങ്ങൾക്കിപ്പുറവും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.


റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാന യാത്ര. മനുഷ്യകുലത്തിന് ചിറകുമുളച്ച ദിവസം. ചരിത്രത്തിൽ ഇടം പിടിച്ച സുവർണ മുഹൂർത്തം. 12 സെക്കന്റുകൾ മാത്രമായിരുന്നു ആദ്യ വിമാന യാത്ര. 10.9 കി.മീ. വേഗത്തിൽ ഭൂമിയിൽ നിന്ന് 120 അടി ഉയരെക്കൂടി ഒരു അവിസ്മരണീയ പറക്കൽ... ജോൺ ഉൾപ്പടെ 5 ഭാഗ്യശാലികൾ മാത്രമായിരുന്നു ആ സംഭവത്തിന് സാക്ഷികളായത്. ഓർവൽ റൈറ്റിന്റെ ക്യാമറയായിരുന്നു ജോണിനെ ഏൽപ്പിച്ചിരുന്നത്. 5 x 7 ഇഞ്ച് ഗ്ലാസ്സ് പ്ലേറ്റ് നെഗറ്റീവ് ലോഡുചെയ്ത ഗണ്ട്ലിക് കൊറോണ ബോക്സ് ക്യാമറയെ ജോൺ ഒരു നിമിഷം മറന്നുപോയി. അത്രമേൽ ആഹ്ലാദവാനായിരുന്നു അന്നേരം അയാൾ. എങ്കിലും എങ്ങനെയൊക്കെയോ ചരിത്ര നിമിഷത്തെ തലമുറകൾക്കുവേണ്ടി ഒപ്പിയെടുത്തു. ഓർവൽ ആയിരുന്നു പൈലറ്റ്. ചിത്രത്തിൽ, ചിറകിനടുത്തായി വിൽബറിനെയും കാണാം.
അന്നുതന്നെ വീണ്ടും മൂന്നു തവണ കൂടി അവർ പറന്നു. ഒന്നും മൂന്നും നാലും മാത്രം ചിത്രത്തിൽ പതിഞ്ഞു. 
കാറ്റിന്റെ അനിഷ്ടം കാരണം നാലാം തവണ പറക്കുമ്പോഴേക്കും വിമാനം ഏതാണ്ട് പൂർണമായും തകർന്നിരുന്നു. എഞ്ചിൻ രണ്ടായി പിളർന്നു പോയി. നാലാം തവണ വിമാനം ജോണിന്റെ മേലും വന്നു തട്ടി. ഗുരുതരമായി പരിക്കേറ്റ ആ സന്ദർഭത്തെ ജോൺ പിന്നീട് വിശേഷിപ്പിച്ചത്: ലോകത്തിലെ ആദ്യ വിമാനാപകടത്തിന്റെ ഇര എന്നായിരുന്നു.


1948 ജനുവരി 31നാണ് ജോൺ മരണമടയുന്നത്. അതും ഓർവൽ റൈറ്റ് മരിച്ചതിന്റെ പിറ്റേന്നായിരുന്നു എന്നതും ചരിത്രം!


മനുഷ്യന്റെ ഒരിക്കലും ഒടുങ്ങാത്ത ആഗ്രഹങ്ങൾക്ക് പക്ഷിച്ചിറക് മുളച്ച ദിവസത്തിന്റെ ഓർമ്മയ്ക്ക് ഈ ലക്കം സമർപ്പിക്കുന്നു.🙏🏽




**********************************************************************************************



സംഗീത ചേനംപുല്ലി

ആര്‍ വിശ്വനാഥന്‍റെയും സി രാധാബായിയുടെയും മകളായി ഒറ്റപ്പാലം താലൂക്കില്‍ മുണ്ടനാട്ടുകരയില്‍ ജനിച്ചു.  ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. കോഴിക്കോട് എന്‍. ഐ. ടിയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ശാസ്ത്രകേരളം, ശാസ്ത്രസാഹിത്യ പരിഷത്ത് ഓണ്‍ലൈന്‍ മാസിക ലൂക്ക എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. ആനുകാലികങ്ങളില്‍ ശാസ്ത്ര, ഇതര ലേഖനങ്ങളും കവിതകളും എഴുതുന്നു. ഭര്‍ത്താവ് രാംദാസിനും മകന്‍ അലനുമൊപ്പം കോഴിക്കോട് താമസിക്കുന്നു.  ഇപ്പോള്‍ കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറാണ്. ഉപന്യാസത്തിനുള്ള കുട്ടേട്ടന്‍ സ്മാരക പുരസ്ക്കാരം (2015) പായല്‍ ബുക്സ് കവിതാ പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.




*സരസ്വതി കാന്തിലാല്‍ ഗാന്ധി*
തിരുവനന്തപുരത്ത് തൈക്കാട്ട് നാറാണത്തു തറവാട്ടില്‍ പത്മാവതി തങ്കച്ചിയുടെയും അഡ്വ. എന്‍. കെ. കൃഷ്ണപിള്ള എം. എല്‍. എ. യുടെയും മകളായി 1928 ല്‍ ജനിച്ചു. പ്രശസ്ത ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍ അമ്മാവനാണ്. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കാന്തിലാല്‍ ഗാന്ധിയുമായി വിവാഹം. വിവാഹശേഷം ഹിന്ദു വിശാരദ്, ബി.എ. ബിരുദങ്ങള്‍ നേടി. സെന്‍ചുറി മില്‍സില്‍ സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസറായിരുന്നു. 2008 ഡിസംബര്‍ 14 ന് അന്തരിച്ചു. “ഓര്‍മകളുടെ വേലിയേറ്റം” (സ്മരണകള്‍) ആണ് പ്രസിദ്ധീകരിച്ച കൃതി. ഗാന്ധി കുടുംബവുമായും സ്വാതന്ത്ര്യമസര പ്രസ്ഥാനവുമായും തനിക്കുള്ള അഗാധബന്ധങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഈ ഗ്രന്ഥത്തില്‍. പ്രശസ്ത പത്രപ്രവര്‍ത്തക ജോളി അടിമത്രയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ‘ഗാന്ധിജിയുടെ മടിയില്‍ തലവെച്ച്’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പൂരോഗതിയെക്കുറിച്ചുള്ള ഗാന്ധിതത്വങ്ങള്‍ അപഗ്രഥിക്കാനും വിലയിരുത്താനുമുള്ള ശ്രമം അവരുടെ എഴുത്തില്‍ ഉടനീളം കാണാം. സരസ്വതിക്ക് ബാല്യം മുതലേ സുപരിചിതമായ പേരായിരുന്നു ഗാന്ധിജി. മഹാത്മജി കേരളത്തില്‍ വന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സരസ്വതിയുടെ അമ്മുമ്മയുടെ വീട്ടിലും എത്തിയിരുന്നു. ആ സന്ദര്‍ശനത്തിന്‍റെ സ്മരണകള്‍ പങ്കിടുകയാണ് ഈ അദ്ധ്യായത്തില്‍. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഗാന്ധിജിക്കൊപ്പം പത്തുവയസ്സുകാരി സരസ്വതിയും കാറില്‍ കയറി. ഉറക്കും തൂങ്ങിയ കൊച്ചു പെണ്‍കുട്ടിയെ അദ്ദേഹം മടിയില്‍ക്കിടത്തിയതും മറ്റും അപൂര്‍വ്വചാരുതയോടെയാണ് വിവരിച്ചിരിക്കുന്നത്. മടിയിലുറങ്ങുന്ന കൊച്ചുകുട്ടി തന്‍റെ കൊച്ചു മകന്‍റെ ഭാര്യയായി കുടുംബത്തില്‍ വന്നുകയറുമെന്ന് ഗാന്ധിജി അന്നു ചിന്തിച്ചിരുന്നു പോലുമില്ലല്ലോ.



*ശാന്തമ്മ രാജന്‍ കൂരാറ്റ*
കോട്ടയം ജില്ലയിലെ കാനം എന്ന സ്ഥലത്ത് ജനിച്ചു. കല്യാണിയമ്മയും നാരായണന്‍ നായരും മാതാപിതാക്കള്‍. കാനം സി. എം. എസ്. ഹൈസ്കൂള്‍, സെന്‍റ് പോള്‍സ് ഹൈസ്കൂള്‍ വാഴൂര്‍, ലീഡിംഗ് കോളേജ് പാമ്പാടി, കോട്ടയം സംസ്കൃത വിദ്യാപീഠം എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. കുറച്ചുകാലം അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിന്തന എന്ന അഖില കേരള കവിതാസാഹിത്യവേദിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. “ചിപ്പികള്‍” ആണ് പ്രഥമ കവിതാസമാഹാരം. തുറന്ന മനസ്സും കണ്ണും കാതുമായി ശാന്തമ്മ രാജന്‍ എന്ന കവയിത്രി സമൂഹമദ്ധ്യത്തില്‍ കൂടി സഞ്ചരിക്കുകയും ആ യാത്രയിലെ കാഴ്ചകള്‍, കേള്‍വികള്‍, അനുഭവങ്ങള്‍ തന്‍റെ കവിതകളില്‍ കൂടി വാചാലമായി പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്. “ചിപ്പികള്‍” എന്ന സമാഹാരത്തിലെ ‘ഗുരുത്വം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുരു എന്ന അനുഭവത്തിന്‍റെ വിവിധ മുഖങ്ങള്‍ തെളിയുന്ന കവിതയാണിത്. ജീവിതത്തില്‍ പിന്തുടരാവുന്ന നല്ല തത്വങ്ങള്‍ വിശദീകരിക്കുകയാണ് കവയിത്രി ഇതില്‍.



*സുധ വില്‍സന്‍*
1952 ഒക്ടോബര്‍ 11 ന് തൃശൂര്‍ ജില്ലയിലെ മാളയില്‍ ജനിച്ചു. ജാനകിയും കദളിപറമ്പില്‍ ചാത്തപ്പനും മാതാപിതാക്കള്‍. എം. എസ്. സി., പി. എച്ച്. ഡി. ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്നു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കൃതിയാണ് “സൗദാമിനി എല്ലാം കാണുന്നുണ്ട്”. കവിതകളും എഴുതിയിട്ടുണ്ട്. “അഞ്ചുവിന്‍റെ ആകാശം” എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സുധ വില്‍സന്‍റെ ഏതാനും കഥകളുടെ ഒരു സമാഹാരമാണ്” അഞ്ചുവിന്‍റെ ആകാശം” നിത്യജീവിതസ്പര്‍ശികളായ കഥാമുഹൂര്‍ത്തങ്ങളെ അതിമനോഹരമായി ആഖ്യാനം ചെയ്യാനുള്ള സുധയുടെ കഴിവ് ഈ കഥകളിലൊക്കെ കാണാന്‍ കഴിയുന്നു. സരളവും ഹൃദ്യവുമാണ് സുധയുടെ ശൈലി. ഈ കൃതിയിലെ ഓരോ കഥകളും നമ്മള്‍ ഓരോരുത്തരും നിത്യജീവിതത്തില്‍ തൊട്ടറിഞ്ഞ അനുഭവങ്ങളാണ്. ഉത്തരാധൂനികതയുടെയോ ബുദ്ധിജീവി ജാടയുടെയോ പരിവേഷമില്ലാതെ ജീവിതാനുഭവങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് കഥാകാരി അനുവാചകരെ ആനയിക്കുന്നു. കൗമാരമനസ്സിന്‍റെ വിഹ്വലതകളെ തീര്‍ത്തും പരിചിതമായ ജീവിതമുഹൂര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ണ്ണിച്ചിരിക്കുകയാണ് ‘അഞ്ചുവിന്‍റെ ആകാശം’ എന്ന കഥയില്‍. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന പതിന്നാലുകാരിയായ അഞ്ചുവിന്‍റെ ആകാശം നിറയെ വെള്ളരിപ്രാവുകളാണ്. അവയ്ക്കിടയിലേക്ക് ഒരു കഴുകന്‍ പറന്നുവരുന്നതായി അവള്‍ ഭാവനയില്‍ കാണുന്നു. ഈ വിഷാദാവസ്ഥയുടെ അടിസ്ഥാനം അച്ഛന്‍റെ അഭാവവും അമ്മയുടെ സ്നേഹമില്ലായ്മയുമാണ്. മകളുടെ മനഃശാന്തിക്കുവേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരാന്‍ നിര്‍ബന്ധിതനായിത്തീരുന്ന അച്ഛന്‍റെ അസ്തിത്വ ദുഃഖം സൂചിപ്പിച്ചാണ് കഥ അവസാനിക്കുന്നത്. ആധുനിക ലോകത്തില്‍ കൗമാര മനസ്സുകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ മികച്ച ദൃഷ്ടാന്തമാണ് ഈ കഥ..