10-08-2017

ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നാപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽



ഈ താടിക്കാരനെ നിങ്ങൾക്കറിയാമോ?

ആൽബർട്ടോ കോർഡ എന്നാണ് ഇയാളുടെ പേര്.

1960 മാർച്ച് 5 ന് ആൽബർട്ടോ പകർത്തിയ ഒരു ചിത്രമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.



തീർത്തും യാദൃച്ഛികമായി പതിഞ്ഞ ഒരു ഫ്രെയിം

ഇന്നത്തെ ചിത്രത്തിന് ഒരു പേരുണ്ട്: Guerrillero Heroico.⁠⁠⁠⁠

ഗറില്ലാ വീരൻ എന്ന പേരു കേൾക്കുമ്പോൾ മറ്റൊരു താടിക്കാരനെ ഓർമ്മ വരുന്നില്ലേ?

ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പുനഃസൃഷ്ടിക്കപ്പെട്ട ഫോട്ടോ ഇതായിരിക്കാം.


ഛെ! സസ്പെൻസ് പൊട്ടിച്ചു കളഞ്ഞു. ചെ തന്നെ!

ഈ വ്യക്തിയെ ഇത്രമാത്രം ലോകമെമ്പാടും ജനപ്രിയനാക്കിയതിനു പിന്നിൽ ഈ ഫോട്ടോയുടെ പങ്ക് അതുല്യമാണ്.

പക്ഷേ, ശരിക്കുള്ള ചിത്രം അതല്ല !⁠⁠⁠⁠


ദേ, ഈ ചിത്രം നോക്കൂ... ഇതാണ് ശരിക്കുള്ള ചിത്രം

ഈ ചിത്രത്തിൽ നിന്ന് വെട്ടിയെടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന ചിത്രം.

ഇനി കോർഡയുടെ കൈയിലുള്ള നെഗറ്റീവിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ...


ദേ, ഈ ഫോട്ടോ എടുക്കുന്നത് കോർഡ യാ ണ്.

ചെ യുടെ കൈയിൽ കോർത്തു പിടിച്ചിരിക്കുന്ന പ്രിയതമയെയും കാണാം.
ഈ ചിത്രമെടുത്തത് കോർഡയുടെ സന്തത സഹചാരിയായ ഫ്രെഡി ആൽബർട്ടോയാണ്.

ഫ്രെഡിയെ അറിയില്ലേ, ചെ യുടെ അന്ത്യനിമിഷം പകർത്തിയ വിഖ്യാത ചിത്രകാരൻ


ഫ്രെഡിയുടെ ചിത്രം.

ചെ യുടെ ചിത്രം തൂണിലും തുരുമ്പിലും ചെരുപ്പിലും വരെ കാണുമ്പോൾ കോർഡയെ ഓർക്കണേ!

ഇന്ന് അല്പം നീണ്ടു പോയതു കൊണ്ട് തൽക്കാലം നിർത്തുന്നു.  ആരെങ്കിലും ചുരുങ്ങിയ വാക്കുകളിൽ ചെ അനുസ്മരണം നടത്തുമെന്നു കരുതുന്നു.⁠⁠⁠⁠

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഈ ലക്കം ചിത്രം വിചിത്രം അവസാനിപ്പിക്കുന്നു. 🙏🏽


****************************************************
****************************************************
ശ്രദ്ധേയമായ അഭിപ്രായങ്ങള്‍


ഇംക്വിലാബ് സിന്ദാബാദ്

(ഈ ചിത്രം കണ്ടാൽ അറിയാതെ വിളിച്ചു പോകും )👏🏻

ചെ - കൗമാര കാലങ്ങളിൽ  പട്രിയാ ഓ മുയേർത്തെ എന്ന് ഐ. ലവ് രേത്സ്കിയുടെ പുസ്തകം വായിച്ച് ആവേശം വിതറി വിളിച്ചു പറയിച്ച ഓർമ്മകൾ വീണ്ടും കൊണ്ടുവന്നന്നു.

ഈ ചിത്രത്തെക്കുറിച്ച് ജോർജ്ജ് തുമ്പയിൽ എഴുതിയ ലേഖനം അനുബന്ധമായി ചേർത്തോട്ടേ...👇
ഒരിക്കല്‍ കേരളത്തില്‍ വച്ചാണത് ഞാന്‍ കണ്ടത്. ലോകപ്രശസ്ത വിപ്ലവനായകന്‍ ചെഗുവേരയുടെ പടമുള്ള ബനിയനിട്ട് പ്രകടനത്തില്‍ പങ്കെടുക്കുന്ന ചില കൗമാരക്കുട്ടികള്‍. ക്യൂബയില്‍ നിന്ന് ചെഗുവേര കിലോമീറ്ററുകള്‍ താണ്ടി കേരളത്തിലെത്തിയത് അന്നെന്നെ അമ്പരിപ്പിച്ചിരുന്നു. പിന്നീട് പലയിടത്തും ഞാന്‍ ചെയുടെ ചിത്രങ്ങള്‍ കണ്ടു. എന്നാല്‍ അതിനൊക്കെയും ഒരേ മുഖം മാത്രം. ആ ഫോട്ടോ എടുത്തത് ആരായിരിക്കും എന്ന അന്വേഷണം ഞാന്‍ നാട്ടിലായിരിക്കുമ്പോള്‍ ചില പാര്‍ട്ടി സഖാക്കളോടു ചോദിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ അവര്‍ക്കൊന്നും വലിയ പിടിപാടില്ലായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളില്‍ ഒന്നായാണ് ചെയുടെ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചിഹ്നവുമായാണ് കോര്‍ഡയുടെ ചെ ചിത്രത്തെ മേരിലാന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളജ് വിലയിരുത്തുന്നത്. ഇന്നൊരു ബ്രാന്‍ഡായി ചെ മാറിയെങ്കില്‍ അതിനു സഹായകമായ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ അധികം പേരുമറിയുന്നില്ല.
ആല്‍ബര്‍ട്ടോ കോര്‍ഡ എന്ന പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ലോകപ്രശസ്തമായ ചെയുടെ ഈ ചിത്രമെടുത്തത്. അന്നു കാമറ ക്ലിക്ക് ചെയ്യുമ്പോള്‍, പത്രത്തില്‍ അച്ചടിച്ചു വന്നേക്കാവുന്ന ഒരു ചിത്രം എന്നതിലേറെ ഒന്നും ചിന്തിച്ചിരുന്നില്ല. തന്റെ കാമറയില്‍ പതിഞ്ഞ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ചിത്രമാകുമെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാന്‍ സാധ്യതയേയില്ല. ചിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏഴു വര്‍ഷത്തിനു ശേഷം ആണെന്നു കൂടി അറിയുമ്പോള്‍ അതിന്റെ അന്നത്തെ പ്രാധാന്യം ഔഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ഒരിക്കല്‍ ക്യൂബന്‍ പത്രങ്ങള്‍ പ്രാധാന്യമില്ലെന്ന് കരുതി മാറ്റി വച്ച ആ ചിത്രം ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചരക്കും കമ്പോള ചിഹ്നവുമായി മാറിയെന്നതാണു വസ്തുത.
1960 മാര്‍ച്ച് 5-ന് ഹവാനിയില്‍ ലാ കുബ്‌റെ എക്‌സ്‌പ്ലോഷന്‍’ എന്നറിയപ്പെടുന്ന സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ ക്യൂബന്‍ വിപ്ലവ ഗറില്ലാ നേതാവ് ചെ ഗുവേരയുടെ ചിത്രം തന്റെ ജര്‍മന്‍ നിര്‍മിത ലെയ്ക കാമറയിലെ കൊഡാക്ക് പ്ലസ്-എക്‌സ് ഫിലിമില്‍ പകര്‍ത്തുകയായിരുന്നു പ്രസിദ്ധ ക്യൂബന്‍ ഫോട്ടോഗ്രഫറായ കോര്‍ഡ. ഏറ്റവും വികാരരഹിതനായി ഏതോ പാര്‍ശ്വബിന്ദുവിലേക്കു ശിരസ് അല്പമൊന്നു ചെരിച്ച് നോക്കുന്ന, തലയില്‍ നക്ഷത്ര ചിഹ്നമുള്ള രോമത്തൊപ്പിയണിഞ്ഞ് നീണ്ട മുടിയിഴകള്‍ വശങ്ങളിലേക്കു ചിതറിക്കിടക്കുന്ന മുപ്പതുകളുടെ യുവത്വത്തില്‍ നില്‍ക്കുന്ന ചെയുടെ ചിത്രം.
ഇതേ ഫിലിമില്‍ വിശ്വ പ്രസിദ്ധ തത്വ ചിന്തകരായ ജീന്‍ പോള്‍ സാര്‍ത്രിന്റെയും സിമോണ്‍ ദെ ബൂവേയുടെയും ചിത്രങ്ങളും കോര്‍ഡ പകര്‍ത്തിയിരുന്നു. ക്യൂബന്‍ പത്രങ്ങള്‍ക്ക് അന്ന് പ്രധാനം ഇവരുടെ ചിത്രങ്ങളായിരുന്നു. അതിനാല്‍ ചെയെ അവര്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു. കോര്‍ഡ ക്രോപ്പ് ചെയ്‌തൊരു ഫോട്ടോ സൂക്ഷിച്ചു. കൗതുകത്തിന്.
ഏഴു വര്‍ഷം കഴിഞ്ഞ്, ബൊളീവിയയില്‍ ചെ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ബൊളീവിയിന്‍ ഡയറി എന്ന പുസ്തകം ഒരു ഇറ്റാലിയന്‍ പ്രസാധകന്‍ പുറത്തിറക്കി. ഈ പുസ്തകത്തിലാണ് കോര്‍ഡയുടെ ചെ ആദ്യമായി വെളിച്ചം കാണുന്നത്. പിന്നീട് ചിത്രം വിപ്ലവത്തെയും സാമ്രാജത്വ വിരുദ്ധതതയേയും പരസ്യകലയേയും എല്ലാ അര്‍ഥത്തിലും സ്വാധീനിച്ചെന്നതു സമീപകാല ചരിത്രം.

പിന്നീടു പല രൂപത്തില്‍, ഭാവത്തില്‍ കോര്‍ഡ പകര്‍ത്തിയ ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങി. കലാകാരന്‍മാരും പരസ്യതത്പരരും പല വര്‍ണങ്ങളില്‍ ഇതിനെ മാറ്റിയെടുത്തു. ചുവപ്പിലും കറുപ്പിലും വെളുപ്പിലും കറുപ്പിലും എന്നിങ്ങനെ രൂപമാറ്റങ്ങളിലൂടെ ഈ ചിത്രം ഫോട്ടോഗ്രാഫിയുടെയും പരസ്യ കലയുടെയും ചരിത്രത്തില്‍ നിറഞ്ഞു. ഇന്ന് യുദ്ധ വിരുദ്ധ പ്രവര്‍ത്തന പ്രക്ഷോഭകാരികളുടെയും പരിസ്ഥിതി, ഇടതുപക്ഷ പ്രവര്‍ത്തകരുടെയും സാമ്രാജത്വ വിരുദ്ധരുടെയും വ്യാപാര ചരക്കുകളുടെയും ബ്രാന്‍ഡ് ചിഹ്നമായി ഈ ചെ ചിത്രം. അര്‍ജന്റീനയില്‍ 1928 ജൂണ്‍ 14-ന് ജനിച്ച ചെ ആദ്യം തെരഞ്ഞെടുത്തത് ഡോക്ടറുടെ പ്രൊഫഷനായിരുന്നു. പിന്നീടാണ് പോരാട്ട പാതയിലേക്കു തിരിയുന്നത്. 1967 ഒക്‌ടോബര്‍ ഒമ്പതിനു ബൊളീവിയയില്‍ കൊല്ലപ്പെട്ടു. ചിലര്‍ക്ക് ചെ ഹീറോ ആയിരുന്നു. മറ്റു ചിലര്‍ക്ക് ചോരപ്പുഴ ഒഴുക്കിയ ഗറില്ലാ നേതാവും. മരണത്തിന്റെ നാലു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ചെ വിപ്ലവത്തിന്റെ വിശ്വപ്രസിദ്ധ ബ്രാന്‍ഡായി ജനഹൃദയങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അതിനപ്പുറം കോര്‍ഡയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫിലൂടെ മറ്റൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.

ചെ 'യുടെ വചനങ്ങൾ🌹🌹🌹🌹കൊല്ലാം പക്ഷെ തോൽപിക്കാനകില്ല
2. ഒരുവന് അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകള്സംഗീതം പോലെ മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു
വേണ്ടി പൊരുതുവാനാണ് താന്
ആയുധം ഏന്തുന്നതെന്ന്,പകയും വിദ്വേഷവും കൊണ്ടല്ല,
സ്നേഹം കോണ്ട് മാത്രമാണ് താന്
ആയുധം ഏന്തുന്നതെന്ന്"
3. മുട്ടുക്കുത്തി യാജിക്കുന്നതിനെക്കാൾ
നല്ലത് നിവർന്നു നിന്നുമരിക്കുന്നതാണു
നല്ലത്"
4. ഈ അസ്തമയത്തില് എനിക്ക്
 നിരാസയില്ല നാളെയുടെ ഉദയത്തിലാണ്
എന്റെ പ്രതീക്ഷ"
5.
ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ
ശബ്ദമുയർത്തുന്നവനാനെങ്കിൽ
എന്റെ സഖാവാണ്
6. ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
7. വിള നൽകുന്ന വയലുകൾ വിശപ്പാണ്
നൽകുന്നതെങ്കിൽ
കലപ്പയേന്തുന്ന കൈകൾ
തോക്കെന്തേണ്ടിവരും
8.  ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ
അറിവോടെയാണ്. ഞങ്ങൾ
കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള
വിലയാണത്.
9. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന
ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്.
അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..
10.  സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങൾക്ക്മുന്നിലുള്ള ഒരേയൊരു
മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
11. ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു




ചിത്രം വിചിത്രം
ആദ്യമായിട്ടാണ് ഈ എപ്പിസോഡ് ഇത്ര മാത്രം ചർച്ചചെയ്യപ്പെട്ടതും,വിവരണങ്ങൾ കൂടുതൽ വന്നതും.
അഭിന്ദനങ്ങൾ മാഷേ.

🌷